guru

കൊല്ലം: കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സ്ഥാപിക്കാനുള്ള ഗുരുദേവന്റെ വെങ്കല ശില്പത്തിന്റെ നിർമ്മാണം പ്രമുഖ ശില്പി ഉണ്ണി കാനായി പകുതി പിന്നിട്ടു. ഉണ്ണി കാനായിയുടെ കണ്ണൂർ പയ്യന്നൂരിലെ വീട്ടിലാണ് നിർമ്മാണം.

ധ്യാനത്തിൽ നിന്നുണർന്ന് മിഴികളാൽ അനുഗ്രഹം ചൊരിയുന്ന ഗുരുദേവ ശില്പമാണ് ഒരുങ്ങുന്നത്. ശില്പ നിർമ്മാണത്തിൽ ഏറ്റവും സൂക്ഷ്മതയോടെ ചെയ്യേണ്ട കളിമണ്ണ് കൊണ്ടുള്ള രൂപനിർമ്മാണം പൂർത്തിയായി. ഇതിന് മുകളിൽ ഇനി പ്ലാസ്റ്റർ ഓഫ് പാരീസ് പൂശി അച്ച് തയ്യാറാക്കും. അച്ചിൽ മെഴുക് തേച്ച ശേഷം കളിമണ്ണ് പൂശും. അതിന് മുകളിൽ വെങ്കലം ഉരുക്കിയൊഴിച്ചാണ് ശില്പം തയ്യാറാക്കുന്നത്. ആറ് മാസം മുമ്പാണ് നിർമ്മാണം ആരംഭിച്ചത്. നാല് മാസം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

തിരുവനന്തപുരം മ്യൂസിയത്തിന്റെ ചുവരുകളിൽ നിറഞ്ഞുനിൽക്കുന്ന ഗുരുദേവന്റെ നവോത്ഥാന ഇടപെടലുകളുടെ ചുവർശില്പങ്ങൾ ഒരുക്കിയത് ഉണ്ണി കാനായിയാണ്. ഗുരുദേവന്റെ ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മ്യൂസിയത്തിന് മുന്നിൽ സ്ഥാപിച്ച ഗുരുദേവ പ്രതിമ നിർമ്മിച്ചതും അദ്ദേഹമാണ്. കഴിഞ്ഞവർഷം നവംബറിൽ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയത്തിന്റെ ഭാഗമായി ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠാ ശില്പം ഉണ്ണി കാനായി ഒരുക്കിയിരുന്നു. പ്രസിദ്ധമായ മറ്റ് ശില്പങ്ങൾക്കും പ്രതിമകൾക്കും പുറമേ ഗുരുമന്ദിരങ്ങൾക്കായി നിരവധി ഗുരുദേവ വിഗ്രഹങ്ങൾ ഉണ്ണി കാനായി നിർമ്മിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം മേയിൽ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ ഗുരുദേവനുമായി യാതൊരു സാദൃശ്യവുമില്ലാത്ത ഗുരുദേവന്റെ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. വിമർശനം ഉയർന്നതോടെ പ്രതിമ നീക്കിയ സർക്കാർ ഗുരുദേവന്റെ വെങ്കല പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ശില്പത്തിന്റെ ഉയരം- 8 അടി

വേണ്ടിവരുന്ന വെങ്കലം - 2000 കിലോ

ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട കളിമണ്ണ് കൊണ്ടുള്ള അച്ച് നിർമ്മാണം പൂർത്തിയായി. നാല് മാസത്തിനുള്ളിൽ പൂർത്തിയാകും.

ഉണ്ണി കാനായി