കൊല്ലം: കൊല്ലം തോടിന്റെ പാർശ്വഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ആഴംകൂട്ടലിനിടെ കല്ലുപാലത്തിന് സമീപം ബലക്ഷയം സംഭവിച്ച കെട്ടിടങ്ങൾക്കുള്ള നഷ്‌ടപരിഹാരം ഉടൻ നൽകും. ഉൾനാടൻ ജലഗതാഗത ഡയറക്‌ടറേറ്റ് അധികൃതർ നേരിട്ടെത്തി നഷ്‌ടം വിലയിരുത്തിയ ശേഷം പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്‌റ്റിമേറ്റാണ് അനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ കാബിനറ്ര് തീരുമാനം വരാനിരിക്കെ ക്ഷതമേറ്റ മൂന്ന് കെട്ടിടങ്ങളിൽ ഒന്നിന്റെ ഉടമ നഷ്‌ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂന്ന് നില കെട്ടിടത്തിനും അവിടുത്തെ താമസക്കാർക്കുമുള്ള സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്വം ഓർമ്മപ്പെടുത്തിയും മതിയായ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുമാണ് ഉടമ സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ കെട്ടിടങ്ങൾക്ക് ബലക്ഷയം സംഭവിച്ചതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് സ്വമേധയാ നഷ്‌ട പരിഹാരത്തിനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിനകം നടന്ന പ്രവൃത്തിയിൽ ഉന്നത തല പരിശോധന കൂടി നടത്തിയ ശേഷം മൂന്ന് മാസത്തിനകം സംരക്ഷണഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ടവർ പറയുന്നു.