കൊല്ലം: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പ്രകൃതിദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനും പുനർനിർമ്മാണ പ്രവർത്തനത്തിനും കേന്ദ്രം സഹായം നൽകാത്തത് പ്രതിഷേധാർഹമാണെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന കൗൺസിൽ യോഗം കുറ്റപ്പെടുത്തി.
മറ്റ് പല സംസ്ഥാനങ്ങൾക്കും വാരിക്കോരി കൊടുക്കുമ്പോഴും കേരളത്തെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ദുരന്തത്തിന്റെ തീവ്രത കുറച്ചുകാട്ടാനാണ് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ശ്രമിക്കുന്നത്. കേന്ദ്ര നയം തിരുത്തി കേരളത്തിന് അർഹതപ്പെട്ട സഹായം അടിയന്തരമായി അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരത്ത് ചന്ദ്രൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.കെ.സോമശേഖരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. നേതാക്കളായ വി.സുധാകരൻ, കിളിരൂർ രാമചന്ദ്രൻ, ബാബുജി, എസ്.ബാബു, ജി.മുരളീധർ, പി.വിജയബാബു, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.