കൊല്ലം: വയനാട് ദുരന്തത്തിൽ കേന്ദ്ര അവഗണനയ്ക്കെതിരെ സി.പി.ഐ ഇന്ന് നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും രാവിലെ 10ന് നടക്കും. സംസ്ഥാന എക്സി. അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.

മുണ്ടക്കൈ, ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം ദുരിതബാധിതർക്കുള്ള സഹായങ്ങളുടെ കാര്യത്തിലും കേന്ദ്രം ഗുരുതര വിവേചനവും അവഗണനയുമാണ് കാട്ടിയിരിക്കുന്നത്. ഇതിനെതിരെയാണ് സി.പി.ഐ സംസ്ഥാന വ്യാപക പ്രതിഷേധം.

വയനാട്‌ ദുരന്തവുമായി ബന്ധപ്പെട്ട്‌ വി.മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും കേരളത്തോടുള്ള സമീപനം തുറന്നുകാട്ടുന്നതാണ്. ദേശീയദുരന്തമായി പ്രഖ്യാപിച്ചിരുന്നെങ്കിൽ പുനരധിവാസ പ്രവർത്തനത്തിന് കൂടുതൽ സഹായം ലഭിക്കുമായിരുന്നു. കൊല്ലത്തെ പ്രതിഷേധത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ അഭ്യർത്ഥിച്ചു.