കരുനാഗപ്പള്ളി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികൾ കടകൾ അടച്ച് കരുനാഗപ്പള്ളി താലൂക്കിൽ പണിമുടക്കും ധർണയും നടത്തി. കഴിഞ്ഞ മൂന്ന് മാസക്കാലമായി വേതനം ലഭിക്കാത്തതിലും കൊവിഡ് കാലത്ത് നൽകിയ കിറ്റിന്റെ കമ്മീഷൻ അനുവദിക്കാത്തതിലും എൻ.എഫ്.എസ്.എ ആക്ടിലെ അപാകതകൾ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് കരുനാഗപ്പള്ളി സപ്ലൈ ഓഫീസിന് മുന്നില്ലാണ് സമരം സംഘടിപ്പിച്ചത്. ധർണ കരുനാഗപ്പള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ തേവറ നൗഷാദ് ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ബിജു അദ്ധ്യക്ഷനായി. ചടങ്ങിൽ എ.കെ.ആർ.ആർ.ഡി.എ താലൂക്ക് ജനറൽ സെക്രട്ടറി കെ.ജി.മണിക്കുട്ടൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം മജീദ് റാവുത്തർ മുഖ്യപ്രഭാഷണവും നടത്തി. നദീർ അഹമ്മദ്, സാബു കടവത്ത്, വേണുഗോപാൽ, സജിത, വിജയ എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ആർ.ഡി.എ സമരത്തിൽ നിന്ന് വിട്ടു നിന്നു. കരുനാഗപ്പള്ളി താലൂക്കിൽ 242 റേഷൻ കടകൾ ഉള്ളതിൽ 72 റേഷൻ വ്യാപാരികളാണ് സമരത്തിൽ പങ്കെടുത്തത്.