photo

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിക്ക് സമീപം ദേശീയപാതയിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. മാർക്കറ്റ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കടക്കുന്ന സ്ഥലത്താണ് ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് ഗതാഗതകുരുക്കിന് തുടക്കം കുറിച്ചത്. ഇത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാർക്കുള്ളത്.

പാർക്കിംഗ് തോന്നുംപടി

ശാസ്താംകോട്ട ഭാഗത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി മാർക്കറ്റിൽ എത്തി ഇടത്തോട്ട് തിരിഞ്ഞാണ് ദേശീയപാതയിലക്ക് വരുന്നത്. ഇവിടം വൺ വേയാണ്. ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങഴും റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നതിനാൽ ഇവിടെ റോഡിന് സ്ഥലപരിമിതിയുണ്ട്. ഇതുവഴി വരുന്ന സ്വകാര്യ ബസുകൾ യാത്രക്കാരെ ഇറക്കുന്നതിനായി ബസ് സ്റ്റാൻഡിന് തെക്ക് വശം റോഡ് അരികിലാണ് നിറുത്തുന്നത്. അതിനാൽ ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും മറ്റ് വാഹനങ്ങളും ദേശീയപാതയിലേക്ക് കടക്കാൻ കഴിയാതെ കുരുങ്ങിപ്പോകുന്നു. യാത്രക്കാരെ ഇറക്കിയ ശേഷമാണ് സ്വകാര്യ ബസുകൾ ദേശീയപാതയിലേക്ക് കടക്കുന്നത്. അതുവരെ മറ്റ് വാഹനങ്ങൾക്ക് അനങ്ങാൻ പോലും കഴിയുകയില്ല.

സ്വകാര്യ ബസുകൾക്ക് സ്റ്റോപ്പില്ല

സ്വകാര്യ ബസുകൾ ദേശീയപാതയിൽ കയറി തെക്കോട്ട് മാറ്റി നിറുത്തി യാത്രക്കാരെ ഇറക്കിയാൽ നിലവിൽ അനുഭവപ്പെടുന്ന ഗതാഗത കരുരുക്ക് പരിഹരിക്കാൻ കഴിയും. ദേശീയപാതയിലെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ സ്വകാര്യ ബസുകൾക്ക് ഉണ്ടായിരുന്ന സ്റ്റോപ്പുകൾ ഇല്ലാതായി. മാർക്കറ്റ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കടക്കുന്ന വാഹനങ്ങൾ നേരെ പോയി ലാലാജി ജംഗ്ഷന് സമീപത്തു നിന്നും .യൂടേൺ എടുത്ത് പോകേണ്ടതിന് പകരം നേരിട്ട് റോഡിലേക്ക് കയറ്റുന്നതും ഗതാഗത കരുക്കിന് കാരണമാകുന്നു.

ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ പോയിന്റ് ഡ്യൂട്ടിക്ക് പൊലീസുകാരെയൊ ഹോംഗാർഡിനേയൊ നിയോഗിച്ചാൽ ദേശീയപാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ കഴിയും. ലാലാജി ജംഗ്ഷൻ മുതൽ വടക്കോട്ട് താലൂക്ക് ആശുപത്രി ജംഗ്ഷൻ വരെയാണ് ഏറ്റവും കൂടുതൽ ഗതാഗത കുരുക്ക്.

നാട്ടുകാർ