കൊല്ലം: ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും പകർച്ചപ്പനികൾ പിടിമുറുക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി ബാധിതരാണ് കൂടുതലായി ചികിത്സ തേടുന്നത്. ഇൗ മാസം 20 വരെ വിവിധ പകർച്ചവ്യാധികൾ ബാധിച്ച് ചികിത്സതേടിയത് 8,776 പേരാണ്. ഇതുവരെ 121 പേരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കുട്ടികളും മുതിർന്നവരും ഉൾപ്പടെ ദിനം പ്രതി നൂറുകണക്കിന് പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്നത്. കോർപ്പറേഷൻ മേഖലയിലാണ് പകർച്ചവ്യാധികൾ ഏറെയും റിപ്പോർട്ട് ചെയ്തത്. 20 ദിവസത്തിനിടയിൽ 85പേർക്ക് ഡെങ്കിപ്പനിയും 16പേർക്ക് എലിപ്പനിയും 43 പേർക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ശക്തികുളങ്ങര, ഇരവിപുരം, പാലത്തറ, പിറവന്തൂർ, ഇടമുളയ്ക്കൽ, ചാത്തന്നൂർ, നെടുമൺകാവ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതലായുള്ളത്. രണ്ട്, മൂന്ന്, അഞ്ച്, പത്ത്, പതിനേഴ് തീയതികളിലൊഴികെ ബാക്കി എല്ലാ ദിവസവും ചികിത്സതേടിയെത്തിയവരുടെ എണ്ണം 500ന് മുകളിലാണ്.
ജില്ലയിൽ കൊവിഡ് കേസുകളിലും നേരിയ വർദ്ധവുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ഷിഗല്ല, മലേറിയ, ചെള്ളുപനി, ബ്ലാക്ക് ഫംഗസ്, മഞ്ഞപ്പിത്തം എന്നിവയും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപ്രതികളിലും പനിക്ക് ചികിത്സതേടിയെത്തുന്നവരുടെ തിരക്കും വർദ്ധിച്ചു.
വില്ലൻ കാലാവസ്ഥ
കാലാവസ്ഥയിലെ വ്യതിയാനമാണ് പകർച്ചപ്പനി വ്യാപനത്തിന് കാരണം
പകൽ സമയങ്ങളിൽ ചൂട് കൂടന്നതും ഇടവിട്ട് പെയ്യുന്ന മഴയുമാണ് ഡെങ്കി കൊതുകുകളെ വളരാൻ സഹായിക്കുന്നത്
വെള്ളക്കെട്ടിലൂടെ എലിപ്പനി, ഡെങ്കിപ്പനി രോഗാണുക്കൾ വെള്ളത്തിൽ കലരും
ഡ്രൈഡേ ആചരണം നിലച്ചതും തിരിച്ചടിയായി
ഉറവിട നശീകരണം നടത്താത്തതും ഓടകളിലെ വെള്ളക്കെട്ടും കൊതുക് പെരുകാൻ ഇടയാക്കി
സന്ധ്യയായാൽ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഇരിക്കാൻ കഴിയാത്ത സ്ഥിതി
ഡെങ്കി, എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്യരുത്. ആശുപത്രികളിൽ ചികിത്സ തേടണം. സ്‌കൂൾ, വീട്, ഓഫീസ് എന്നിവിടങ്ങളിൽ ഡ്രൈഡേ ആചരിക്കണം.
ആരോഗ്യവകുപ്പ് അധികൃതർ