കൊല്ലം: കൊട്ടിയം ജംഗ്ഷനിൽ പൊതു കക്കൂസ് നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. കൊട്ടിയം പൗരവേദി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിക്ക് നൽകിയ ഹർജി ഇന്നലെ പരിഗണിക്കവേ ഇതിനുള്ള ഫണ്ട് 'ടേക്ക് എ ബ്രേക്ക്' പദ്ധതി പ്രകാരം നൽകാൻ തയ്യാറാണെന്ന് ശുചിത്വമിഷൻ അറിയിച്ചു.
കക്കൂസിനുള്ള സ്ഥലം കണ്ടെത്തിയാൽ ഫണ്ടിന്റെ ഭൂരിഭാഗവും ജില്ലാ പഞ്ചായത്ത് വഹിക്കാമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അതോറിട്ടിയെ രേഖാമൂലം അറിയിച്ചിരുന്നു. തടസം സ്ഥല പരിമിതിയാണെന്ന വാദം പഞ്ചായത്തുകൾ ഉന്നയിച്ചു. കൊട്ടിയം ദേശീയപാതയ്ക്ക് സമീപം വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ളതും എപ്പോഴും നിലം പതിക്കാവുന്നതുമായ കുടിവെള്ള ടാങ്ക് നിൽക്കുന്ന സ്ഥലം അതിനായി ഉപയോഗിക്കണമെന്ന നിർദ്ദേശം പൗരവേദി മുന്നോട്ടു വച്ചു. തുടർന്ന് കേരള വാട്ടർ അതോറിട്ടിയെ ഹർജിയിൽ കക്ഷി ചേർക്കാനും കുടിവെള്ള ടാങ്ക് പൊളിച്ചു മാറ്റാനുള്ള അടിയന്തര നിർദേശം ഗ്രാമപഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് നൽകണമെന്നും സ്ഥലം കണ്ടെത്താനുള്ള ശ്രമം പഞ്ചായത്തുകൾ നടത്തണമെന്നും ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ ആർ. ജിഷ മുകുന്ദൻ നിർദ്ദേശിച്ചു. കൊട്ടിയം പൗരവേദിക്ക് വേണ്ടി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ.അജിത്കുമാർ ഹാജരായി. ഹർജി ഡിസംബർ 12 ലേക്ക് മാറ്റി.