amritha

കൊല്ലം: രാജ്യത്തെ ആദ്യ ഹരിത വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി മഹാബലിപുരം. നെതർലാൻ‌ഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസുമായി മാതാ അമൃതാനന്ദമയി മന്ദിർ ട്രസ്റ്റ് ധാരണാപത്രം ഒപ്പുവച്ചു. ലോക പൈതൃക വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സാന്നിദ്ധ്യത്തിലാണ് മാതാ അമൃതാനന്ദമയി മന്ദിർ ട്രസ്റ്റ് പ്രോജക്ട് ഡയറക്ടർ മഹേഷ് ഗോപാലകൃഷ്ണൻ, ഗ്രീൻ ഡെസ്റ്റിനേഷൻസ് പ്രസിഡന്റ് ആൽബർട്ട് സൽമാൻ എന്നിവർ ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

80 ലധികം രാജ്യങ്ങളിൽ സസ്റ്റൈനബിൾ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഗ്രീൻ ഡെസ്റ്റിനേഷൻസ്. ജി.എസ്.ടി.സിയുടെ (ഗ്ലോബൽ സസ്റ്റൈനബിൾ ടൂറിസം കൗൺസിൽ) അംഗീകാരമുള്ള ഗ്രീൻ ഡെസ്റ്റിനേഷൻസുമായി സഹകരിക്കുന്നതിലൂടെ ദക്ഷിണേഷ്യയിലെ തന്നെ ആദ്യത്തെ ലോക പൈതൃക കേന്ദ്രമായി മഹാബലിപുരം മാറും.

അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ലോക പൈതൃക വാരാഘോഷത്തിന്റെയും ഹെറിറ്റേജ് ക്ലബ്, ബി റോളേഴ്സ് ക്ലബ് എന്നിവയുടെയും ഉദ്ഘാടനം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് നിർവഹിച്ചു. അമൃത സ്‌കൂൾ ഒഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ ബ്രഹ്‌മചാരി അച്യുതാമൃത ചൈതന്യ, സി.ഐ.ആർ വിഭാഗം മേധാവി ബ്രഹ്‌മചാരി വിശ്വനാഥാമൃത ചൈതന്യ, എൻജിനീയറിംഗ് വിഭാഗം ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, ബ്രഹ്‌മചാരി ബിനോജ്, ഡോ.എം.നിധീഷ്, ഗ്രീൻ ഡെസ്റ്റിനേഷൻസ് സി.ഇ.ഒ മഹാദേവൻ പരശുരാമൻ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി.