കൊല്ലം: ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചു കഴിഞ്ഞാലെ സ്വസ്ഥമായിരിരുന്നു ധ്യാനിക്കാൻ സാധിക്കുകയുള്ളൂവെന്ന് സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. ഇക്കാര്യത്തിൽ അശ്രദ്ധ കാണിച്ചാൽ ധ്യാനം യാന്ത്രികമായ പ്രക്രിയയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 41 ദിവസം നീണ്ടു നിൽക്കുന്ന വ്യാസപ്രസാദം 24 വേദിയിൽ 38-ാം ദിന പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ആരംഭശൂരത്വം എന്ന ദോഷവും ധ്യാന സാധകരെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. ആലസ്യമേശാത്ത ആദർശ പ്രചോദനം നിലനിറുത്തിയില്ലെങ്കിൽ ധ്യാന പരിശീലനം പ്രഹസനമായിപ്പോകും. തുടക്കക്കാരെ സംബന്ധിച്ചേടത്തോളം സമയക്ലിപ്തതയും ചിട്ടയാർന്ന പുരോഗതിക്ക് അനിവാര്യമാണ്. ആഹാരം, ഉറക്കം എന്നീ രണ്ടു കാര്യങ്ങളിലും ആരോഗ്യകരമായ സമീപനം ധ്യാന പരിശീലന സാധകർക്ക് പ്രധാനമാണ്. കർമരംഗത്ത് കുശലത പുലർത്തുന്നതു പോലെ വിനോദത്തിനും അർഹമായ പ്രാധാന്യം നൽകണം.
ചിന്താ പ്രവാഹമാണ് മനസെന്ന വ്യാഖ്യാനം മനനീയമാണ്. ചിന്തകളുടെ എണ്ണം കൂടുന്നതും ഗുണമേന്മ കുറയുന്നതുമാണ് ഇവിടെ പ്രശ്നം.
ബഹു പ്രകാരത്തിലുള്ള വിഗ്രഹങ്ങളിൽ ഈശ്വരനെ ആരോപിച്ച് ആരാധിക്കുന്നത് തുടക്കത്തിൽ ഉപകാരപ്രദമാണ്. ചിന്താഗതി നിയന്ത്രിച്ച് ഗുണമേന്മ വർദ്ധിപ്പിക്കാൻ നാമജപം തുടങ്ങിയ സാധനാനുഷ്ഠാനങ്ങൾ സഹായിക്കും. ഈശ്വരസാക്ഷാത്കാരം, ധ്യാനം തുടങ്ങിയ വിഷയങ്ങൾ വളരെ സങ്കീർണമായ രീതിയിൽ അവതരിപ്പിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. അത്തരം കെണിയിൽപ്പെടാതെ ആത്മാർത്ഥത പുലർത്തി പ്രയാണം ചെയ്യാൻ ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പര എന്നും വൈകിട്ട് 6 മുതൽ 7.30 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ മുഖമണ്ഡപത്തിലാണ്.