
കൊല്ലം: പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൻ വൃശ്ചികോത്സവത്തിന്റെ അഞ്ചാം ഉത്സവ ദിനമായ ഇന്നലെ വൈകിട്ട് വനിതാ സമ്മേളനം നടന്നു. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.ജയചിത്രയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കരുനാഗപ്പള്ളി അസി. സൂപ്രണ്ട് ഓഫ് പൊലീസ് അഞ്ജലി ഭാവൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രൂപ ബാബു, പന്മന സി.ഡി.എസ് ചെയർപേഴ്‌സൺ രമ്യ തുടങ്ങിയവർ സംസാരിച്ചു.
ഉച്ചയ്ക്ക് 12ന് എന്റെ റേഡിയോ എക്‌സി. ഡയറക്ടർ ഡോ. അനിൽ മുഹമ്മദിന്റെ പ്രഭാഷണവും തുടർന്ന് വൈകിട്ട് 4ന് ഉത്സവബലിക്ക് ദേവിയെ കുടിയിരുത്തുന്നതിനായി നിർമ്മിച്ച പടുക്കാമണ്ഡപത്തിന്റെ സമർപ്പണവും നടന്നു.
ക്ഷേത്രം മേൽശാന്തി വിനോദിന്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം പ്രസിഡന്റ് അനിൽ ജോയ്, സെക്രട്ടറി പി.സജി, ട്രഷറർ ആർ.സത്യനേശൻ, ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പടുക്കാമണ്ഡപത്തിന്റെ സമർപ്പണ ചടങ്ങ് നടന്നത്. രാത്രി 10ന് നാട്യവേദ സ്‌കൂൾ ഒഫ് ഡാൻസ് അവതരിപ്പിച്ച ഡാൻസ് നൈറ്റും അരങ്ങേറി. ആറാം ഉത്സവദിവസമായ ഇന്ന് മരപ്പാണി, ഉത്സവബലി, വലിയകാണിക്ക, തോറ്റംപാട്ട് എന്നിവ നടക്കും.