തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വൃശ്ചികോത്സവം തുടങ്ങിയതോടെ ക്ഷേത്രത്തിൽ ശബരിമല തീർത്ഥാടകരുടെ തിരക്കേറി. ശബരിമല ഇടത്താവളമെന്ന പേരിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രം പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പ്രസിദ്ധമാണ്. ശബരിമലയിലേക്ക് ഇന്നത്തെ പോലെ ഗതാഗത സൗകര്യം ഇല്ലാതിരുന്ന കാലത്ത് കാനനപാതയിൽ അയ്യപ്പഭക്തർക്ക് കാവലാകാൻ വിശ്വാസ സമൂഹം പരബ്രഹ്മത്തിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഓച്ചിറയിലെത്തി മാലയും മുദ്രയുമണിഞ്ഞാണ് അന്ന് വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിച്ചിരുന്നത്. പിന്നീട് തീർത്ഥാടത്തിന് പുറപ്പെടുമ്പോൾ ആൽത്തറകളിൽ കർപ്പൂരം തെളിച്ച് പിന്നോട്ട് നടന്നുമാറി പുറത്തേക്ക് ഇറങ്ങുകയും മലയിറങ്ങി തിരികെ വന്ന് ഒച്ചിറയിൽ തന്നെ മാല ഊരി വ്രതം അവസാനിപ്പിക്കുകയുമായിരുന്നു പതിവ്. എന്നാൽ കാലവും കീഴ്‌വഴക്കങ്ങളും പിന്നീട് ഏറെ മാറിയെങ്കിലും ഓണാട്ടുകരയിൽ ഓച്ചിറയിലെ ആചാരങ്ങൾ ഇന്നും തനിമ ചോരാതെ നിലനിൽക്കുകയാണ്.
തദ്ദേശീയരെ കൂടാതെ കലാ-സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലുള്ള പ്രമുഖരും ഇപ്പോഴും ശബരിമല തീർത്ഥാടനത്തിന് വ്രതം ആരംഭിക്കുന്നത് ഓച്ചിറയിലെത്തിയാണ്. തുളസി, ചന്ദനം, രുദ്രാക്ഷം എന്നിങ്ങനെ വിവിധ തരത്തിൽ സ്വാമിമാല ഇവിടെ ലഭ്യമാണ്. ക്ഷേത്ര ആൽത്തറയിലെ മരക്കൊമ്പുകൾ ആൽത്തറകളിലെ നേർച്ച ബിംബങ്ങൾ എന്നിവിടങ്ങളിൽ മലയിറങ്ങിയ സ്വാമിമാർ ഊരിയിട്ട മലകളുടെ എണ്ണവും വർദ്ധിച്ചു.