കൊല്ലം: യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. മുണ്ടയ്ക്കൽ തിരുവാതിര നഗർ പുതുവൽ പുരയിടം വീട്ടിൽ മഹേഷിനെ (32) കൊലപ്പെടുത്തിയ കേസിൽ മുണ്ടയ്ക്കൽ നേതാജി നഗർ 59 പുതുവൽ പുരയിടം വീട്ടിൽ ഷിബു ജോൺസണെയാണ് (43) ജില്ലാ സെഷൻസ് കോടതി -4 ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.

2021 ഡിസംബർ 4ന് രാത്രി 10.30ന് മുണ്ടയ്ക്കൽ വെടിക്കുന്ന് കുരിശടിമുക്കിൽ വച്ചായിരുന്നു കൊലപാതകം. കുരിശടി മുക്കിൽ വച്ച് വീട്ടിൽ കയറിപ്പോകാൻ പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ഷിബു ജോൺസൺ മഹേഷിന്റെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലം ഈസ്റ്റ് സി.ഐ ആയിരുന്ന ആർ.രതീഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനൻ ഹാജരായി.