മുഖത്തല: എൽ.ഡി.എഫ് ഭരിക്കുന്ന തൃക്കോവിൽവട്ടം പഞ്ചായത്തിൽ ഫണ്ട് അനുവദിക്കുന്നതിൽ രാഷ്‌ട്രീയ വിവേചനമെന്ന് പ്രതിപക്ഷം. ഭരണകക്ഷി അംഗങ്ങൾക്ക് ശരാരരി 40 ലക്ഷം വരെ വാർഷിക ഫണ്ട് അനുവദിക്കുമ്പോൾ പ്രതിപക്ഷ അംഗങ്ങൾക്ക് പകുതി പോലും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിനെതിരെ സമരം നടത്തിയിട്ടും ഫലമുണ്ടാവാതിരുന്നതിനാൽ, ഓംബുഡ്‌സ്‌മാനെ സമീപിച്ചതിനെ തുടർന്ന് അടുത്തിടെ മൂന്ന് ലക്ഷം വീതം തങ്ങൾക്ക് ഉയർത്തി നൽകിയെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
ത്രിതല സംവിധാനമാകെ സി.പി.എം നിയന്ത്രണത്തിലായതിനാൽ പദ്ധതികൾക്ക് ആ വഴിക്കുള്ള ഫണ്ട് സാദ്ധ്യതയും ഇല്ലാതായി. കുണ്ടറ എം.എൽ.എയുടെ ഫണ്ടിനെ ആശ്രയിച്ചാണ് യു.ഡി.എഫ് മെമ്പർമാരുടെ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. 2015 ന് ശേഷം അറ്റകുറ്റപ്പണികൾ പോലും നടന്നിട്ടില്ലാത്ത കോടാലിമുക്ക് - ചെന്താപ്പൂര്- വായനശാല- സ്‌കൂൾ ജംഗ്‌ഷൻ- കലുങ്ക്മുക്ക് വഴി കുരീപ്പള്ളിയിലേക്ക് നീളുന്ന റോഡ് അടുത്തിടെ ഒരു കോടി ചെലവാക്കി ഉന്നതഗുണനിലവാരത്തിൽ നവീകരിച്ചത് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു.
23 അംഗ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ്- 8, ബി.ജെ.പി- 4, പി.ഡി.പി- 1, എൽ.ഡി.എഫ്- 8 എന്നതാണ് മുന്നണികളുടെ നില.