road

റോഡ് തകർന്നു കിടന്നത് 13 വർഷം

അഞ്ചാലുംമൂട്: തൃക്കരുവ പഞ്ചായത്തിൽ വയലിൽക്കട- മഞ്ചാടിമുക്ക് റോഡ് വെട്ടിപ്പൊളിച്ച് മെറ്റൽ നിരത്തി മൂന്നു മാസമായി​ട്ടും ടാറിംഗ് നടത്താത്തതി​നാൽ നാട്ടുകാർ ദുരി​തത്തി​ൽ. 13 വർഷത്തിലധികമായി തകർന്ന് കിടന്നി​രുന്ന റോഡ് പ്രതിഷേധങ്ങൾക്കൊടുവിലാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് വിനിയോഗിച്ച് ടാർ ചെയ്യാൻ പഞ്ചായത്ത് തയ്യാറായത്.

റോഡിനിരുവശത്തും 60 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ മൂലം പലപ്പോഴും ഓട്ടോറിക്ഷകൾ പോലും ഇതുവഴി എത്താറില്ല. സ്‌കൂളിലേക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സൈക്കിളിലും നടന്നുമായി പോകുന്ന വിദ്യാർത്ഥികൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. റോഡിൽ ചിന്നിച്ചിതറി കിടക്കുന്ന മെറ്റലുകളിൽ കയറി വാഹനങ്ങളുടെ നിയന്ത്രണം തെറ്റാറുണ്ട്. വാഹനങ്ങൾ കയറി മെറ്റലുകൾ തെറിക്കുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കും.
മെയിൻ റോഡിൽ നിന്ന് പഞ്ചായത്തിലേക്ക് പോകുന്ന റോഡായതിനാൽ നിത്യേന നൂറിലധികം വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. പുറമേ മുക്കടമുക്ക്- കരുവ റോഡ്, അഷ്ടമുടി- അഞ്ചാലുംമൂട് റോഡ് എന്നിവിടങ്ങളിലെ റോഡും സമാന അവസ്ഥയിലാണ്. മെറ്റൽ നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളുടെ ടയറുകൾ പഞ്ചറാകുന്നത് പതിവായി. റോഡ് എന്ന് ടാർ ചെയ്യുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അധികൃതർക്ക് കഴിയുന്നുമില്ല.

ആകെ 700 മീറ്റർ മാത്രം

ചിറ്റുമല ബ്ലോക്കിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജീനിയറുടെയും അസിസ്റ്റന്റ് എൻജിനിയറുടെയും ഇടപെടലാണ് ടാറിംഗ് വൈകാനുള്ള കാരണമായി ആരോപിക്കപ്പെടുന്നതിലൊന്ന്. ഇവർ കരാറുകാരന് അനുവാദം നൽകുന്നില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. 700 മീറ്റർ വരുന്ന റോഡ് ടാർ ചെയ്യാനാണ് മൂന്ന് മാസത്തിലധികമായിട്ടും നടപടിയുണ്ടാകാത്തത്. മെറ്റൽ നിരത്തിയതിനാൽ പൊടിശല്യവും രൂക്ഷമാണ്. പൊടി കാരണം സമീപ വീടുകളുടെ വാതിൽ തുറക്കാനാവാത്ത അവസ്ഥയുണ്ട്. എത്രയും വേഗം ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


വയലിൽക്കട- മഞ്ചാടിമുക്ക് റോഡ് ഉടൻ ടാർ ചെയ്യും. മഴ കാരണമാണ് ടാറിംഗ് വൈകിയത്. ടാറിംഗിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകും

പഞ്ചായത്ത് അധികൃതർ