കൊല്ലം: വില്ലേജ് ഓഫീസുകളിലെ ഫയൽ നീക്കം പൂർണമായും ഓൺലൈൻ സംവിധാനമായ ഇ- ഓഫീസ് പോർട്ടൽ വഴിയാക്കണമെന്ന് കളക്ടർ എൻ.ദേവിദാസ് വില്ലേജ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം കളക്ടർ ഓൺലൈനായി വില്ലേജ് ഓഫീസർമാരുടെ യോഗം വിളിച്ചാണ് നിർദ്ദേശം നൽകിയത്.

ഇ-ഓഫീസ് സംവിധാനം വില്ലേജ് ഓഫീസുകളിലേക്ക് വ്യാപിപ്പിച്ചിട്ട് കാലങ്ങളായിട്ടും പലയിടങ്ങളിലും മാനുവലായാണ് കൈകാര്യം ചെയ്യുന്നത്. സംവിധാനം ഉപയോഗിക്കാത്തത് പരാതികൾ പൂഴ്ത്താനും കാലതാമസം സൃഷ്ടിച്ച് കൈക്കൂലി ആവശ്യപ്പെടാനുമാണെന്ന് പരാതിയുണ്ട്. ഫയൽ നീക്കം പൂർണമായും ഓൺലൈനായാൽ ഫയലുകൾ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ വേഗത്തിൽ കണ്ടെത്താനുമാകും.

ജില്ലയിലെ 15 വില്ലേജ് ഓഫീസുകൾ ഇ- ഓഫീസ് ഉപയോഗത്തിൽ സംസ്ഥാന തലത്തിൽ വളരെ പിന്നിലാണ്. ഇതിൽ പല വില്ലേജുകളും ഒരു ദിവസം ഒരു ഫയൽ പോലും ഇ- ഓഫീസ് സംവിധാനം വഴി കൈകാര്യം ചെയ്യുന്നില്ല. ഇവയടക്കം ജില്ലയിലെ 105 വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് ഉപയോഗം കാര്യക്ഷമമാക്കാൻ ഡെപ്യൂട്ടി തഹസിൽദാർമാർക്ക് പ്രത്യേക ചുമതലയും നൽകി.

തങ്ങൾ കുറ്റക്കാരല്ലെന്ന് ജീവനക്കാർ

ആവശ്യത്തിന് കമ്പ്യൂട്ടറും സ്കാനറും പ്രിന്ററും ഇല്ലാത്തതാണ് ഇ- ഓഫീസ് സംവിധാനം കാര്യക്ഷമമാകാത്തതെന്ന് ജീവനക്കാർ പറയുന്നു. ഇത്തരം ഉപകരണങ്ങൾ വാങ്ങാൻ ബഡ്ജറ്റിൽ നീക്കിവച്ച 23 കോടിയിൽ 19.5 കോടി തിരിച്ചടച്ചതും ഇവർ ചൂണ്ടിക്കാട്ടുന്നു. ചില പരാതികൾക്കൊപ്പം അനേകം പേജുകളുള്ള അനുബന്ധ രേഖകളുണ്ടാകും. ഇവ സ്കാൻ ചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരും. ഇതിനായി ഷീറ്റ് ഫീഡർ സ്കാനർ അടക്കം ഐ.ടി സെല്ലിനോട് മാസങ്ങളായി ആവശ്യപ്പെടുന്നു. നിലവിലുള്ള യന്ത്രങ്ങൾ പണിമുടക്കുന്നത് പതിവാണെന്നും ജീവനക്കാർ പറയുന്നു.

ഇ- ഓഫീസ് വഴി

 പ്രത്യേക പോർട്ടൽ സംവിധാനമില്ലാത്ത അപേക്ഷകൾ
 വസ്തുതർക്കം, അതിർത്തി തർക്കം

 വിവിധ അപേക്ഷകളിലുള്ള റിപ്പോർട്ടുകൾ

വിവിധ പോർട്ടലുകൾ വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷളെല്ലാം നിലവിലുള്ള കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് പരിശോധിച്ച് തീർപ്പാക്കുന്നുണ്ട്. ഇ- ഓഫീസ് സംവിധാനം വഴി ഫയൽ കൈകാര്യം ചെയ്യാൻ ഇടയ്ക്കിടെ പണിമുടക്കാത്ത പ്രിന്ററുകളും സ്കാനറുകളും അനിവാര്യമാണ്.

വല്ലേജ് ഓഫീസ് ജീവനക്കാർ