photo
കൊട്ടാരക്കര ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപത്തെ റൂറൽ വനിതാസെൽ ഓഫീസ്

കൊട്ടാരക്കര: ചോർന്നൊലിക്കുന്ന കെട്ടിടം. നിന്നുതിരിയാൻ ഇടമില്ലാത്ത കുടുസുമുറികൾ. കൊല്ലം റൂറൽ വനിതാ സെല്ലിന്റെ പ്രവർത്തനം അവതാളത്തിൽ. 2011ൽ ആണ് കൊട്ടാരക്കര ആസ്ഥാനമാക്കി റൂറൽ വനിതാ സെൽ പ്രവർത്തനം തുടങ്ങിയത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അതിക്രമങ്ങളും പീഡനങ്ങളും തടയുന്നതിനുൾപ്പടെ ലക്ഷ്യമിട്ടാണ് വനിതാ സർക്കിൾ ഇൻസ്പക്ടറും രണ്ട് എസ്.ഐമാരും മതിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥരുമടക്കം സജ്ജമാക്കി വനിതാ സെൽ പ്രവർത്തനം തുടങ്ങിയത്. തകരാറിലായ ക്വാർട്ടേഴ്സിലെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെറിയകാലംകൊണ്ട് ശ്രദ്ധേയമായ പ്രവർത്തനം നടത്തുവാനും കഴിഞ്ഞു. റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും വനിതാ സെല്ലിന്റെ പരിധിയിലാണ്. അതുകൊണ്ടുതന്നെ ദിവസവും പരാതിക്കാരുടെ എണ്ണവും കൂടി. നാളുകൾ കടന്നുപോയതോടെ വനിതാ സെൽ ഓഫീസ് കെട്ടിടം കൂടുതൽ ശോച്യാവസ്ഥയിലേക്ക് നീങ്ങി.

വനിതാ സെല്ലിന്റെ പ്രവർത്തനങ്ങൾ

സമൂഹത്തിൽ പിന്നാക്കാവസ്ഥയിൽ കഴിയുന്നവരെ മുഖ്യധാരയിൽ കൊണ്ടുവന്നു

ഗാർഹിക പീഡനങ്ങൾക്ക് വലിയ തോതിൽ അറുതിയുണ്ടാക്കി

ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിച്ചു

കൗൺസിലിംഗ് അടക്കമുള്ള സൗകര്യങ്ങളൊരുക്കി

സി.ഐ ഇല്ല

വനിതാ സർക്കിൾ ഇൻസ്പക്ടർ വിരമിച്ച ശേഷം പുതിയ പോസ്റ്റിംഗ് നടത്തിയിട്ടില്ല. ഒരു എസ്.ഐയുടെ ഒഴിവുണ്ട്. നിലവിൽ ഒരു വനിതാ എസ്.ഐയ്ക്കാണ് സി.ഐയുടെ അധികചുമതല. പന്ത്രണ്ട് വനിതാ സിവിൽ പൊലീസ് ഓഫീസർമാരുമുണ്ട്. ഇതേ കോമ്പൗണ്ടിൽ ഫാമിലി കൗൺസിലിംഗ് സെന്ററും പ്രവർത്തിക്കുന്നു.

സർവത്ര ദുരിതം

വനിതാ സെല്ലിലേക്ക് എത്തുന്നവർ ആദ്യം ഒന്ന് മടിക്കും. ഇത് തന്നെയാണോ ഈ സർക്കാർ ഓഫീസ് ! മേൽക്കൂരയ്ക്ക് മുകളിൽ പ്ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് മഴവെള്ളം വീഴാത്ത സംവിധാനമൊരുക്കിയത്. ഇടിഞ്ഞുപൊളി‌ഞ്ഞ കെട്ടിടം. നിന്ന് തിരിയാൻ ഇടമില്ല. ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമില്ല. ഒരു വാഹനമുള്ളത് മിക്കപ്പോഴും സ്റ്റാർട്ടാകില്ല.

നിർമ്മാണം നിലച്ച് പുതിയ കെട്ടിടം

തൊട്ടടുത്തായി പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിച്ചു. ഉടൻ മുഖ്യമന്ത്രിയെത്തി ഉദ്ഘാടനം നടത്തുന്ന വിധത്തിലാണ് ക്രമീകരണം. പൊലീസിന്റെ പരിശീലന കേന്ദ്രത്തിനായും കെട്ടിടം ഇവിടെ ഒരുങ്ങുന്നു. അതിനൊപ്പമാണ് വനിതാ സെല്ലിനും കെട്ടിടം നിർമ്മിക്കുന്നത്. എന്നാൽ മാസങ്ങളായി ഇതിന്റെ നിർമ്മാണം നിലച്ചിരിക്കുകയാണ്.