കൊല്ലം: വയനാട് ദുരന്തത്തിൽ കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന സമീപനം കൊടുംക്രൂരതയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. വയനാട് ദുരന്തത്തിൽ കേന്ദ്ര സമീപനത്തിനെതിരെ സി.പി.ഐ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ വന്ന് കണ്ടുപോയെങ്കിലും അവർക്ക് കേരളത്തിന്റെ കണ്ണുനീരും സങ്കടവും കൊണ്ടുപോകാൻ കഴിഞ്ഞില്ല. വയനാടിനെ അവഗണിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ പൊതുജനം ഒറ്റക്കെട്ടായി അണിനിരക്കണം. ദുരന്തം ഉണ്ടായിട്ട് മൂന്നര മാസം പിന്നിടുകയാണ്. ഇതുവരെ കേന്ദ്രസഹായം ഉണ്ടായിട്ടില്ല. കേരളത്തിന്റെ അവകാശം അംഗീകരിക്കാനുള്ള ബാദ്ധ്യത കേന്ദ്രസർക്കാരിനുള്ളപ്പോഴും അവഗണിക്കുന്നത് വ്യക്തമായ രാഷ്ട്രീയ താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് ടൗൺ ചുറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. ധർണയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനായി. സംസ്ഥാന എക്സി. അംഗങ്ങളായ കെ.ആർ.ചന്ദ്രമോഹനൻ, ആർ.രാജേന്ദ്രൻ, ജില്ലാ അസി. സെക്രട്ടറി അഡ്വ. സാം.കെ.ഡാനിയേൽ എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ജി.ലാലു, അഡ്വ. ആർ.വിജയകുമാർ, ഹണി ബെഞ്ചമിൻ, അഡ്വ. എസ്.വേണുഗോപാൽ, ആർ.എസ്.അനിൽ, ആർ.സജിലാൽ എന്നിവർ നേതൃത്വം നൽകി.