കൊല്ലം: ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ കോർപ്പറേഷനായി കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങൾക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി വിവര സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ അവരിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കുകയും സർക്കാർ നൽകുന്ന ദൈനംദിന സേവനങ്ങൾ വേഗത്തിൽ ഉപയോഗിക്കുന്നതിനുമാണ് ഡിജിറ്റൽ സാക്ഷരത പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി കൊല്ലം കോർപ്പറേഷനിലെ മുഴുവൻ ജനങ്ങളെയും സംബന്ധിച്ച വിവരശേഖരണം നടത്തി ഡിജിറ്റൽ സാക്ഷരത ഇല്ലാത്ത 14 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ള പൗരന്മാർക്ക് വോളണ്ടിയർമാർ മുഖേന പരിശീലനം നൽകിയാണ് കോർപ്പറേഷൻ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയത്. കൊല്ലം കോർപ്പറേഷനിൽ 1576 വോളന്റിയർമാർ രജിസ്റ്റർ ചെയ്ത് 91,462 കുടുബങ്ങളെ വിവരശേഖരണത്തിലൂടെ കണ്ടെത്തുകയും 26,659 പഠിതാക്കളെ കണ്ടെത്തി 26,659 പേർക്ക് പരിശീലനം നൽകുകയും ചെയ്തു.
പരിശീലനത്തിലൂടെ എല്ലാവരെയും ഡിജിറ്റൽ സാക്ഷരരാക്കിയതിനെ തുടർന്ന് കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ കോർപ്പറേഷനായി പ്രഖ്യാപിച്ചത്. പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ വിതരണം ചെയ്തു.