കൊട്ടാരക്കര: എസ്.എൻ. ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ നാളെ വിവാഹ പൂർവ കൗൺസലിംഗ് ക്ലാസുകൾ നടത്തുന്നു. കുടുംബ ജീവിതം ഭദ്രമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള 42-ാം കൗൺസലിംഗ് ക്ളാസാണ് നടക്കുന്നത്. 18നും 45നും മദ്ധ്യേ പ്രായമുള്ള അവിവാഹിതർക്കും വിവാഹം കഴിഞ്ഞ് അധികകാലമായിട്ടാത്തവർക്കുമാണ് കൗൺസലിംഗ് ക്ളാസ് നടത്തുന്നത്. നാളെ രാവിലെ 8.30ന് യൂണിയൻ മന്ദിരത്തിൽ ജി.ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിൽ നടക്കുന്ന കൗൺസലിംഗ് ക്ളാസ് യൂണിയൻ കൗൺസിലർ ആർ.വരദരാജൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ ഡോ. ബാഹുലേയൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി അഡ്വ.പി അരുൾ ആമുഖ പ്രഭാഷണം നടത്തും.
രാവിലെ 9ന് ആരംഭിക്കുന്ന കൗൺസലിംഗ് ക്ളാസിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്റർ ഡയറക്ടർ ഡോ. രാജേഷ് പൊൻമല കുടുംബ ഭദ്രത എന്ന വിഷയത്തിൽ ക്ലാസെടുക്കും. 11ന് ഫാമിലി കൗൺസിലർ ആശാ പ്രദീപ് ശ്രീനാരായണ ധർമ്മം എന്ന വിഷയം അവതരിപ്പിക്കും. ഉച്ചക്ക് 2ന് ഡോ.ശരത് ചന്ദ്രൻ പ്രൊജക്ടറിന്റെ സഹായത്തൊടെ സ്ത്രീ പുരുഷ ലൈംഗികത, ഗർഭധാരണം ,പ്രസവം, ശിശു പരിപാലനം എന്നി വിഷയങ്ങളിൽ ക്ളാസെടുക്കും. വൈകിട്ട് 5ന് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ കോഴ്സ് അവലോകനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തും. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് പഠനോപകരണങ്ങളും ഭക്ഷണവും ലഭിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും.