
കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ സാംസ്‌കാരിക വിഭാഗമായ എം.വി ദേവൻ കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്തുദിവസം നീണ്ടുനിൽക്കുന്ന നവം സാംസ്കാരികോത്സവത്തിന് തിരിതെളിഞ്ഞു. പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങ് പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ എം.നന്ദകുമാർ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജാകുമാരി, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ഉണ്ണികൃഷ്ണൻ, ബിനുജ നാസറുദ്ദീൻ, സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി യു.സുരേഷ്, ചെയർമാൻ സജി മംഗലത്ത്, നവം സംഘാടക സമിതി ജനറൽ കൺവീനർ വേണുഗോപാൽ എന്നിവർ സംസാരിച്ചു. കലാഗ്രാമം സെക്രട്ടറി നരിക്കൽ രാജീവ് സ്വാഗതവും, പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറഞ്ഞു.
നെടുമ്പന ഗ്രാമത്തിലെ മുഴുവൻ ആശപ്രവർത്തകരെയും ചടങ്ങിൽ പുതുവസ്ത്രം നൽകി ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ചവറ കബനി സാംസ്കാരിക വേദി അവതരിപ്പിച്ച കൈകൊട്ടിക്കളിയും തുടർന്ന് സിനിമാ താരം റെജു ശിവദാസിന്റെ ഏകാങ്ക നാടകവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഇന്ന് മുതൽ 9 ദിവസം പഞ്ചായത്തിന്റെ ഒമ്പത് ഇടങ്ങളിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് നെടുമ്പന വെളിച്ചിക്കാല ശാസ്താംപൊയ്കയിൽ രണ്ടാം ദിന പരിപാടി പ്രൊഫ. അലിയാർ ഉദ്ഘാടനം ചെയ്യും. കണ്ണൻ.ജി നാഥ് അവതരിപ്പിക്കുന്ന ഗാനമേള, തുടർന്ന് നൃത്തനൃത്യം, തിരുവാതിരകളി എന്നിവ ഉണ്ടാകും.