photo
ഓച്ചിറയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു.

ഓച്ചിറ: 12 വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പടനിലത്ത് ആരോഗ്യവകുപ്പിന്റെ പൊതുജനാരോഗ്യ ഓഫീസിൽ നിന്നുള്ള ഹെൽത്ത് കാർഡ് പരിശോധന കർശനമാക്കി. വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ബജി കടയിൽ നിന്ന് അഴുകിയ കോളിഫ്ലവറും ബജി ഉൾപ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചതായി ഹെൽത്ത് സൂപ്പർവൈസർ പ്രദീപ് വാര്യത്ത് അറിയിച്ചു. ഹോട്ടലുകളിലും ശീതള പാനീയ ശാലകളിലും മറ്റ് ഭക്ഷണ വിൽപ്പന സ്റ്റാളുകളിലും ഹെൽത്ത് കാർഡ് ഇല്ലാത്ത നിരവധി തൊഴിലാളികളെ കണ്ടെത്തി.

സൗജന്യ മെഡിക്കൽ സേവനം

പടനിലത്ത് മിനി ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ഒ.പിയിൽ എത്തുന്ന രോഗികൾക്ക് സൗജന്യ മെഡിക്കൽ സേവനം നൽകുന്നു. ഓച്ചിറ ഭരണ സമിതി നിയോഗിച്ച 100 ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ഓച്ചിറ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന, കുടുംബശ്രീ ,108 ആംബുലൻസ് , വള്ളികാവ് ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസ് എന്നിവയുടെ സേവനം പടനിലത്ത് ലഭ്യമാണ് .

രോഗപ്രതിരോധ പ്രവർത്തനങ്ങൾ

ക്ഷേത്ര കോമ്പൗണ്ടിലെ എല്ലാ കിണറുകളും ഇടവിട്ടുള്ള ദിവസങ്ങളിൽ ക്ലോറിനേറ്റ് ചെയ്യുന്നുണ്ട്.

ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഭക്തജനങ്ങൾ കുളിക്കുന്ന ക്ഷേത്രക്കുളവും നിരീക്ഷണത്തിലാണ്. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായിട്ടുള്ള പരിശോധനയും നടക്കുന്നുണ്ട്. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും നിയമിച്ച ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി ആർ മണിലാൽ, ജയകൃഷ്ണൻ, ബേബി കുട്ടി യോഹന്നാൻ, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 12 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗം ജീവനക്കാരെ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ഹെൽത്ത് കാർഡ് ഇല്ലാത്ത പാചക തൊഴിലാളികളെയും ആഹാരം വിളമ്പി കൊടുക്കുന്നവരെയും ഭക്ഷണശാലകളിൽ ജോലിചെയ്യാൻ അനുവദിക്കുന്നതല്ല.

ഡോ.ബിനോയ് ഡി.രാജ്

ഓച്ചിറ ബ്ലോക്ക് മെഡിക്കൽ ഓഫീസർ