rpf
മയ്യനാട് റെയിൽവേ സ്‌റ്റേഷനിലെ ട്രാക്ക് മുറിച്ചുകടക്കുന്നതിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച സംഭവത്തെ തുടർന്ന് യാത്രക്കാരിൽ നിന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥൻ വിവരങ്ങൾ ശേഖരിക്കുന്നു

കൊല്ലം: മേൽപ്പാലങ്ങളുള്ള റെയിൽവേ സ്റ്റേഷനുകളിൽ, അവ ഉപയോഗിക്കാതെ ട്രാക്ക് മുറിച്ചുകടന്നാൽ ആറുമാസം തടവും 1000 രൂപ പിഴയുമുണ്ടെങ്കിലും ആരും ഗൗനിക്കുന്നില്ല. അതുകൊണ്ടുതന്നെ അശ്രദ്ധമായി ട്രാക്ക് മുറിച്ചുകടക്കുമ്പോഴുള്ള അപകടങ്ങളും പെരുകുന്നു.

ഒരു മിനിട്ടുപോലും ലാഭിക്കാൻ കഴിയാത്ത തിടുക്കമാണ് ട്രെയിന് മുന്നിൽപ്പെടാൻ വഴിതെളിക്കുന്നത്. കഴിഞ്ഞ ദിവസം മയ്യനാടും പെരിനാടും വിദ്യാർത്ഥികളുടെ ജീവൻ നഷ്ടമായതാണ് ജില്ലയിലെ ഒടുവിലത്തെ സംഭവങ്ങൾ. ട്രാക്ക് കുറുകെ കടക്കുന്നത് തടയാൻ വേലികളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാവുന്നില്ല. പ്രധാന പാതകളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിലാണ് ട്രെയിനുകൾ പായുന്നത്. മുമ്പ് ഡീസൽ എൻജിനായിരുന്നപ്പോൾ ഉണ്ടായിരുന്നത്ര ശബ്ദം ഇലക്ട്രിക് എൻജിനുകൾക്കില്ല. ട്രെയിൻ അടുത്തെത്തുമ്പോൾ മാത്രമേ ട്രാക്കിൽ പ്രകമ്പനം ഉണ്ടാവുകയുള്ളൂ. അതിനാൽ ട്രാക്കിലൂടെ നടന്നുപോകുന്നവർക്ക് ട്രെയിൻ വരുന്നത് മനസിലാക്കി മാറാനുള്ള സമയം ലഭിക്കാറില്ല.

കഴിഞ്ഞയാഴ്ചയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടങ്ങി കെ.എസ്.ആർ.ടി.സി കണ്ടക്ടർ കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര തെക്ക് ഒറ്റമാംവിളയിൽ ശുഭകുമാരിഅമ്മയുടെ (45) ഇരുകാലുകളും അറ്റത്. രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലിറങ്ങി ട്രാക്ക് കുറുകെ കടന്ന് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇൻഡോർ കൊച്ചുവേളി എക്സ്‌പ്രസ് പാഞ്ഞെത്തിയത്. ശുഭകുമാരിഅമ്മയ്ക്ക് പിന്നാക്കം മാറാനോ പ്ലാറ്റ്ഫോമിലേക്ക് കയറാനോ കഴിഞ്ഞില്ല. പരിഭ്രമിച്ചു പോയ ഇവർ ട്രാക്കിനും പ്ളാറ്റ് ഫോം ഭിത്തിക്കുമിടയിലെ നേരിയ വിടവിൽ നിന്നു. ട്രെയിനിന്റെ ആദ്യ കോച്ചിന്റെ ഫുട്ബോർഡിൽ തട്ടി കണങ്കാലിന് മുകളിൽ വച്ച് മുറിയുകയായിരുന്നു. ഉടൻ ട്രാക്കിനും ഭിത്തിക്കുമിടയിലെ വിടവിലേക്ക് വീണതിനാൽ ജീവൻ നഷ്ടമായില്ല.

മുന്നറിയിപ്പ് അവഗണിക്കുന്നതിനാലാണ് ഓരോവർഷവും ട്രാക്കുകളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത്.

റെയിൽവേ അധികൃതർ