
തൊടിയൂർ: ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് ഭാര്യ മരിച്ചു. കല്ലേലിഭാഗം കേരള ഫീഡ്സിൽ സ്റ്റോർ കീപ്പറായ കല്ലേലിഭാഗം കല്ലുകടവ് പുതുശേരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുനീറയാണ് (46) മരിച്ചത്. കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ മാരാരിത്തോട്ടം ആൽത്തറ മൂടിന് സമീപത്തായിരുന്നു അപകടം.
വീട്ടിൽ നിന്ന് വൈകിട്ട് കരുനാഗപ്പള്ളിയിലേക്ക് പോകാനിറങ്ങിയ ദമ്പതികൾ ഇരുനൂറ് മീറ്ററോളം പിന്നിട്ടപ്പോഴായിരിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് ശാസ്താംകോട്ടയിലേക്ക് പോയ സ്വകാര്യ ബസ് ഓട്ടോറിക്ഷയെ ഓവർ ടേക്ക് ചെയ്യുമ്പോൾ സ്യൂട്ടറിൽ ഇടിച്ചാണ് അപകടം. സുനീറ ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് അബ്ദുൽ സമദ് ദൂരേക്ക് തെറിച്ചുവീണു. സാരമായി പരിക്കേറ്റ ഇയാളെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി പൊലീസ് എത്തി സുനീറയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. ഷെമീമ, ഷിറാസ്, ഷെമീന എന്നിവർ മക്കളാണ്.