ഓയൂർ : കേന്ദ്രാവിഷ്‌കൃത ഫണ്ടുപയോഗിച്ചുള്ള റോഡ് പണി പാതിവഴിക്ക് ഉപേക്ഷിച്ച് കരാറുകാരൻ. ചെറുകരക്കോണം - മാരൂർ- കടയ്‌ക്കോട് റോഡ് നവീകരണമാണ് പാതിവഴിയിൽ നിലച്ചത്. വെളിയം, കരീപ്ര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിലെ ഏകദേശം രണ്ടര കിലോമീറ്റർ ഭാഗമാണ് ഒന്നര വർഷമായി സഞ്ചാരയോഗ്യമല്ലാതായിട്ട്. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പാത കൂടുതൽ വഷളായ മാരൂർ ഭാഗത്ത് നാട്ടുകാർ ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
പണി നഷ്‌ടമെന്ന് കരാറുകാരൻ
നേരത്തെ മൂന്ന് ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നു. റോഡ് തകർന്നതോടെ സർവീസ് നിലച്ചു. ഒരു പാളി ഉരുളൻ കല്ലുകൾ പാകിയ നിലയിലാണ് പണി ഉപേക്ഷിച്ചിരിക്കുന്നത്. ഒരു പാളി കൂടി കല്ലുകൾ പാതി ചിപ്‌സ് വിതറിയ ശേഷമാണ് ടാറിംഗ് നടത്തേണ്ടത്. പണി നഷ്‌ടമാണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചാണ് കരാറുകാരൻ ഭാഗിക ബില്ല് മാറിയ ശേഷം ബാക്കി പണി ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു.
നേരത്തെ കളപ്പിലയിൽ സമാന സാഹചര്യത്തിൽ കരാറുകാരൻ പണി ഉപേക്ഷിച്ചപ്പോൾ ബന്ധപ്പെട്ടവർ ഇടപെട്ട് അദ്ദേഹത്തെ മാറ്റി പുതിയ കോൺട്രാക്‌ടറെ കണ്ടെത്തിയിരുന്നു.ഇക്കഴിഞ്ഞ താലൂക്ക് സഭയിൽ പ്രശ്‌നം ഉന്നയിച്ചെങ്കിലും ഉദ്യോഗസ്ഥരിൽ നിന്ന് തൃപ്‌തികരമായ മറുപടിയുണ്ടായില്ല.
വെളിയം ഉദയകുമാർ
മുൻ വാർഡ് മെമ്പർ,
ആർ.എസ്.പി ജില്ലാ എക്‌സിക്യുട്ടീവ് അംഗം
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നേ പണി പൂർത്തിയാക്കുമെന്ന വാക്ക് വെറുതെയായി. നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഇടയ്‌ക്ക് തൊലിപ്പുറ ചികിത്സ പോലെ എന്തെക്കെയോ ചെയ്‌തു. മുട്ടറ ഗവ. എച്ച്. എസ്.എസ് , കടയ്‌ക്കോട് ഹയർസെക്കൻഡറി സ്‌കൂൾ, കെ.എൻ.സത്യപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നീ സ്ഥാപനങ്ങളിലേക്കുള്ള ആയിരക്കണക്കിന് കുട്ടികളാണ് യാത്രാ ദുരിതമനുഭവിക്കുന്നത്.
കെ. ശശിധരൻ
ഗുരുധർമ്മ പ്രചാരണസഭ
ജില്ലാ വൈസ് പ്രസിഡന്റ് .