കൊല്ലം: കോർപ്പറേഷൻ താമരക്കുളം ഡിവിഷനിലെ കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായിട്ട് മൂന്നാഴ്ചയിലേറെ. ബീച്ച് റോഡിലുള്ള പമ്പ് ഹൗസ് പൂട്ടിയതാണ് കാരണം.

പമ്പ് ഹൗസിലെ കുഴൽക്കിണർ ഇടിഞ്ഞു താഴ്ന്ന് ഉപയോഗശൂന്യമായി. താമരക്കുളം ആണ്ടാമുക്കം, കന്റോൺമെന്റ് ഭാഗം, എ.ജെ ഹാൾ എന്നിവിടങ്ങളിലായി 250 ഓളം കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. കുടിവെള്ളം തടസപ്പെട്ടതോടെ പോർട്ട് പമ്പ് ഹൗസിൽ നിന്നുള്ള പൈപ്പുകളും മറ്റും താമരക്കുളം ഡിവിഷനിൽ വെള്ളമില്ലാത്ത ഭാഗത്തേക്ക് കണക്ഷൻ കൊടുത്ത് പ്രശ്ന പരിഹാരത്തിന് താത്കാലിക സംവിധാനം വാട്ടർ അതോറിട്ടി ഉണ്ടാക്കിയിരുന്നു. എന്നാൽ തീരെ കുറഞ്ഞ അളവിൽ കലങ്ങിയ വെള്ളമാണ് കിട്ടുന്നതെന്ന് ആക്ഷേപമുണ്ട്. പ്രശ്നം കൂടുതൽ രൂക്ഷമായതോടെ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഒന്നര ആഴ്ചയായി ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യാൻ തുടങ്ങി. എന്നാൽ ഈ വെള്ളം ആവശ്യങ്ങൾക്ക് തികയാറില്ലെന്നാണ് ഉയരുന്ന പരാതി. പ്രായമായവർക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ദൂരെ പോയി വെള്ളം ശേഖരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിവൃത്തിയില്ലാതെ വരുമ്പോൾ കുപ്പിവെള്ളമാണ് പലർക്കും ആശ്രയം.

കുഴൽകിണർ പരിഹാരം

ഉപയോഗ ശൂന്യമായ കുഴൽക്കിണറിന് പകരം പുതിയ കുഴൽ കിണർ നിർമ്മിച്ചെങ്കിൽ മാത്രമെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ. പുതിയ കുഴൽകിണറിനായി വാട്ടർ അതോറിട്ടി അധികൃതർ ഭൂഗർഭ ജലവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഭൂ ഗർഭജലവകുപ്പിൽ നിന്ന് കുഴൽക്കിണറിനുള്ള എസ്റ്റിമേസ്റ്റ് തയ്യാറാക്കി തുകയ്ക്കു വേണ്ടി കോർപ്പറേഷനിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം കോർപ്പറേഷനിൽ നിന്ന് തുക കൈമാറി. എത്രയും പെട്ടെന്ന് കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.

മൂന്നാഴ്ചയിലേറെയായി കുടിവെള്ള പ്രശ്നം തുടങ്ങിയിട്ട്. എത്രയും വേഗം ശാശ്വത പരിഹാരം ഉണ്ടാക്കാൻ അധികൃതർ തയ്യാറാകണം

സുദർശൻ താമരക്കുളം , പ്രസിഡന്റ് , കോൺഗ്രസ് താമരക്കുളം ഡിവിഷൻ കമ്മിറ്റി