കൊല്ലം: വൈജ്ഞാനിക തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കാൻ സൗകര്യം ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം പദ്ധതി കൊട്ടാരക്കരയിൽ ഒരുങ്ങുന്നു. നിർമ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ജോലി ചെയ്യാനാണ് വർക്ക് നിയർ ഹോം പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്.

വികേന്ദ്രീകൃത മാതൃകയിലുള്ള അത്യാധുനിക വർക്ക് സ്റ്റേഷനുകളുടെ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുകയെന്നതാണ് കാഴ്ചപ്പാട്. കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസ് തൊഴിലിൽ ഏർപ്പെടുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന നിലവിലെ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സൗകര്യപ്രദമായും സുഖകരമായും പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ഐ.ടി മേഖലയിലെ വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കാനും വർക്ക് നിയർ ഹോം ഉപകരിക്കും. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് നൈപുണ്യ പരിശീലനത്തിനും സൗകര്യമുണ്ട്.


220 പേർക്ക് ജോലി ചെയ്യാം

 കൊട്ടാരക്കര പൊലീസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷനും ഇടയിലെ ബി.എസ്.എൻ.എൽ കെട്ടിടമാണ് വർക്ക് നിയർ ഹോം

 രണ്ട് നിലകളിലായി 10,000 ചതുരശ്ര അടി വിസ്തീർണം

 കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുള്ളത് പത്ത് വർഷത്തേക്ക്

 220 പേർക്ക് ജോലി ചെയ്യാൻ സൗകര്യം

 മണിക്കൂർ, ദിവസം, മാസം കണക്കിൽ വാടക

 ഓഫീസ് കോ- വർക്കിംഗ് സ്റ്റേഷനുകളും കോൺഫറൻസ് സൗകര്യങ്ങളും കഫെറ്റേരിയയും അതിവേഗ ഇന്റർനെറ്റും

നിർമ്മാണത്തിന് അനുവദിച്ചത് ₹ 5.5 കോടി

ഉദ്ഘാടനം ഇന്ന്

ഇന്ന് രാവിലെ 10.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി വെബ്സൈറ്റ് പ്രകാശനം ചെയ്യും. ഡോ.രത്തൻ ഖേൽക്കർ ലോഗോ പ്രകാശനം ചെയ്യും. കെ.ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി.ഉണ്ണിക്കൃഷ്ണൻ, പി.കെ.ഗോപൻ, കളക്ടർ എൻ.ദേവിദാസ്, വനജ രാജീവ്, പി.എം.റിയാസ് എന്നിവർ സംസാരിക്കും.

മൂന്ന് വർഷത്തിനുള്ളിൽ ഒരുലക്ഷം പേർക്ക് വീടിന് അടുത്തിരുന്ന് തൊഴിൽ ചെയ്യാനുള്ള സൗകര്യമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

കെ-ഡിസ്ക് അധികൃതർ