എഴുകോൺ : പരാധീനതകളിൽ വലഞ്ഞ് എഴുകോൺ പൊലീസ് സ്റ്റേഷൻ. നൂറ്റാണ്ടോളം പഴക്കമുള്ള വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഓട് മേഞ്ഞതാണ് പ്രധാന കെട്ടിടം. എസ്.എച്ച്.ഒയുടെയും എസ്.ഐയുടെയും മുറി ഇതിനകത്താണ്. ഓഫീസ് സംവിധാനവും സെല്ലുകളും ഇതിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. മുൻ വശം മുതൽ പിന്നിലേക്ക് നീളത്തിൽ ഇടനാഴി പോലെയുള്ള മുറികളാണ് ഉള്ളത്. ഇരുവശത്തും കസേരയും മേശയും ഇട്ടാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനിടയിലൂടെ ഒരാൾക്ക് കഷ്ടിച്ച് നടന്ന് നീങ്ങാം.
മേൽക്കൂരയിൽ ഓടിന് താഴെ മരത്തിന്റെ സീലിംഗുണ്ട്. ഇത് മരപ്പട്ടികളുടെ ആവാസ സ്ഥലമാണ്. കരിഞ്ചെള്ളിന്റെ ശല്യം വേറെ. മനസമാധനത്തോടെ ആഹാരം കഴിക്കാൻ പോലും കഴിയാറില്ലെന്നാണ് പൊലീസുകാർ പറയുന്നത്.
തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു
എസ്. എച്ച്.ഒയും 2 എസ്.ഐ മാരും, 3 എ.എസ്.ഐ മാരും 9 സീനിയർ സിവിൽ ഓഫീസർമാരും 24 സി. പി.ഒമാരും ഉൾപ്പെടെ 39 തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമേ 4 വനിതാ സി.പി.ഒമാരും ഇവിടെയുണ്ട്. എസ്.ഐ , എ.എസ്.ഐ തസ്തികകളിലെ ഓരോ ഒഴിവുകൾ ഉൾപ്പെടെ അനുവദിക്കപ്പെട്ട തസ്തികകളിൽ ആറെണ്ണം ഒഴിഞ്ഞു കിടക്കുകയാണ്.
മതിയായ സൗകര്യങ്ങളില്ല
2005 ലാണ് ബദാംമുക്കിലുള്ള ഇപ്പോഴത്തെ വാടക കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറുന്നത്. പരാധീനതകളുടെ നിരന്തര വാർത്തയെ തുടർന്ന് സെല്ലുകളിലും വനിതാ പൊലീസിന്റെ വിശ്രമ മുറിയിലും കെട്ടിട ഉടമ പിന്നീട് ശുചിമുറികൾ നിർമ്മിച്ചു. മതിയായ സൗകര്യങ്ങൾ ഇതിലില്ല. ബാക്കിയുള്ള പൊലീസുകാർക്കും പൊതുജനങ്ങൾക്കുമായി ഒരു ശുചി മുറി മാത്രമാണുള്ളത്. മുതിർന്നവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും സുഗമമായി നടന്നു കയറാനാകാത്ത വിധം ഉയരത്തിലാണ് സ്റ്റേഷൻ കെട്ടിടം.
പുതിയ കെട്ടിടടത്തിന്
1.65 കോടി രൂപ
1.32 കോടി രൂപ
ഇതിനകം
ചെലവഴിച്ചു.
നിലവിൽ സ്റ്റേഷൻ വലിയ അസൗകര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ പണി അടിയന്തരമായി പൂർത്തിയാക്കണം.
എസ്.നജീം
കെ. പി. ഒ. എ , ജില്ലാ ട്രഷറർ