കൊട്ടാരക്കര: കൊട്ടാരക്കരയിൽ വൻകിട ഐ.ടി പാർക്ക് എത്തുന്നു. പദ്ധതിയ്ക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. കൊട്ടാരക്കര, പുലമൺ രവി നഗറിലെ കെ.ഐ.പി വക ഭൂമിയാണ് ഐ.ടി പാർക്കിനായി വിട്ടുനൽകുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഇവിടെ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളുമാണ് സജ്ജമാക്കുന്നത്. നഗരസഭ ഓഫീസ് സമുച്ചയത്തിന് അനുവദിച്ച ഭൂമിയോട് ചേർന്നാണ് ഐ.ടി പാർക്കിനും ഭൂമി അനുവദിച്ചത്. ഐ.ടി, ഐ.ടി അനുബന്ധ മേഖലയിലായി വലിയ തൊഴിൽ സാദ്ധ്യതകളാണ് ഇവിടേക്ക് എത്തുക.
വൻകിട കമ്പനികളെത്തും
ആഗോള ഐ.ടി കമ്പനികളായ സോഹോ കോർപ്പറേഷൻ, ജി.ആർ.ആൻഡ് അഫിനിറ്റി എന്നിവ കൊട്ടാരക്കരയിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സോഹോ കോർപ്പറേഷൻ അവരുടെ ഇന്ത്യയിലെ രണ്ടാമത്തെ കാമ്പസ് കൊട്ടാരക്കരയിൽ തുറക്കുകയുമാണ്. സോഹോയുടെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും സഹകരണത്തിൽ ആദ്യത്തെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഐ.എച്ച്.ആർ.ഡി കാമ്പസിൽ പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട്. റോബോട്ടിക് മേഖലയിൽ ഗവേഷണങ്ങൾക്കും സെന്റർ തുടക്കം കുറിച്ചു. കേരളത്തിലെ ആദ്യ വർക്ക് നിയർ ഹോം പദ്ധതിയും കൊട്ടാരക്കരയിലാണ് തുടങ്ങുന്നത്. ഇതെല്ലാം കൂടിച്ചേരുമ്പോൾ വലിയതോതിൽ ഐ.ടി വിപ്ളവത്തിനാണ് കൊട്ടാരക്കര കാത്തിരിക്കുന്നത്.
അനുബന്ധ വളർച്ച
ഐ.ടി പ്രൊഫഷണലുകളടക്കം ദിവസവും കൂടുതൽ ആളുകൾ ജോലി ചെയ്യാൻ കൊട്ടാരക്കരയിലേക്ക് എത്തും. വൻകിട കമ്പനികളുമെത്തും. തൊഴിൽ മേഖല, ഐ.ടി മേഖല എന്നിവയ്ക്കൊപ്പം കൊട്ടാരക്കരയ്ക്ക് പ്രാദേശികമായി സാമ്പത്തിക വളർച്ചയും ഭൗതിക സാഹചര്യങ്ങളുടെ വളർച്ചയ്ക്കും ഇത് ഇടനൽകും. അനുബന്ധ സ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളുമെത്തും. പൊതുവെ വികസനത്തിനുള്ള വഴികളാണ് ഒരുങ്ങുന്നത്.
കൊട്ടാരക്കരയിൽ ഐ.ടി പാർക്ക് തുടങ്ങാൻ തീരുമാനമായി. രവിനഗറിൽ കെട്ടിട സൗകര്യങ്ങളൊരുക്കും. കിഫ്ബി അംഗീകാരം ലഭിച്ചു. വലിയ തൊഴിൽ സാദ്ധ്യതകളാണുള്ളത്. കെ.എൻ.ബാലഗോപാൽ, മന്ത്രി