കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പാഴ്സൽ അയയ്ക്കാനും എടുക്കാനും എത്തുന്നവർ കാത്തിരുന്ന് കുഴയുന്നു. കമ്പ്യൂട്ടറിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന നെറ്റ് വർക്ക് തകരാറും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് പ്രശ്നം. അഞ്ചുവർഷം മുമ്പ് 15 ജീവനക്കാർ ഉണ്ടായിരുന്നിടത്ത് നിലവിൽ ചീഫ് പാഴ്സൽ ബുക്കിംഗ് ഓഫീസർ ഉൾപ്പടെ അറ് ജീവനക്കാരാണുള്ളത്. ഇവരാണ് പല ഷിഫ്ടുകളായി 24 മണിക്കൂറും ഓഫീസ് പ്രവർത്തിപ്പിക്കുന്നത്. നേരത്തെ ട്രെയിനുകളുടെ മുന്നിലെയും പിന്നിലെയും പാഴ്സൽ വാനുകളിൽ കയറ്റുന്നതും ഇറക്കുന്നതുമായ പാഴ്സലുകൾ രേഖപ്പെടുത്താൻ പ്രത്യേകം ജീവനക്കാരുണ്ടായിരുന്നു. ഇതിന് പുറമേ പാഴ്സൽ ബുക്ക് ചെയ്യാനും രജിസ്റ്റർ ചെയ്യാനും പ്രത്യേകമാളുണ്ടായിരുന്നു. ചില ദിവസങ്ങളിൽ രണ്ട് ജീവനക്കാരാണ് ഈ ജോലികളെല്ലാം ഒരുമിച്ച് ചെയ്യുന്നത്.

ട്രെയിൻ എത്തുമ്പോൾ പാഴ്സൽ പരിശോധിക്കാൻ ജീവനക്കാർ പോയാൽ അവർ മടങ്ങിയെത്തുന്നത് വരെ പാഴ്സലെടുക്കാനും അയയ്ക്കാനും എത്തുന്നവർ കാത്തിരിക്കേണ്ടിവരും. പ്രതിദിനം 250 പേർ വരെ ഇവിടെ എത്താറുണ്ട്. 80000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് പ്രതിദിന വരുമാനം.