കൊട്ടാരക്കര: വെട്ടിക്കവല ഗവ.മോഡൽ എച്ച്.എസ്.എസിൽ നടന്നുവന്ന കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. എൽ.പി വിഭാഗത്തിൽ 65 പോയിന്റോടെ പവിത്രേശ്വരം എസ്.വി.വി.എൽ.പി സ്കൂളും കിഴക്കേക്കര സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം എൽ.പി സ്കൂളും ചാമ്പ്യൻഷിപ്പ് പങ്കിട്ടു. യു.പി വിഭാഗത്തിൽ നെടുമ്പായിക്കുളം എം.എൻ.യു.പി സ്കൂൾ ചാമ്പ്യൻമാരായി. ഹൈസ്കൂൾ വിഭാഗത്തിൽ കിഴക്കേക്കര സെന്റ് മേരീസ് എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം. ഹയർ സെക്കൻഡറി വിഭാഗത്തിൽ ആതിഥേയരായ വെട്ടിക്കവല ഗവ.മോഡൽ എച്ച്.എസ്.എസ് ടീം ചാമ്പ്യൻമാരായി. സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. സ്വീകരണ കമ്മിറ്റി ചെയർമാൻ എം.പി സജീവ് അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് സമ്മാനദാനം നിർവഹിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ബിന്ദു, ഗിരീഷ് കുമാർ, ബിജുകുമാർ, എസ്.പ്രദീപ് കുമാർ, കോശി.കെ.ബാബു, വിവേക് കുമാർ എന്നിവർ സംസാരിച്ചു.