np
ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ആൽത്തറയിൽ സമർപ്പിക്കാനുള്ള അവയവ രൂപങ്ങൾ ഭക്തർ ഏറ്റുവാങ്ങുന്നു

തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വൃശ്ചികോത്സവ കാലത്ത് അവയവരൂപ നേർച്ച സമർപ്പണത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിലെ അവയവരൂപ നേർച്ച സമർപ്പണമെന്ന അത്യപൂർവ ആചാരത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. കൈയ്, കാൽ, കണ്ണ്, തല, പാദം, ചെവി, ആൺ, പെൺ തിരിച്ചുള്ള ആൾരൂപങ്ങൾ എന്നിങ്ങനെ ഭക്തർ നേർച്ച പറഞ്ഞത് അനുസരിച്ചുള്ള രൂപങ്ങളാണ് ആൽത്തറയിൽ തല ഉഴിഞ്ഞ് സമർപ്പിക്കുന്നത്.

പല കാലത്ത് പലതരം ശരീരവേദനകളുടെ പേരിൽ വീട്ടിലിരുന്ന് പ്രാർത്ഥിച്ച് നേരുന്ന നേർച്ചകൾ വൃശ്ചികത്തിൽ നടത്തുന്നതിനാലാണ് ഇപ്പോൾ ഭക്തജനത്തിരക്കേറുന്നത്. വീര ശൈവ വിഭാഗത്തിലെ കുടുംബങ്ങളാണ് ഈ നേർച്ചയെ ഉപജീവനമാക്കിയിരിക്കുന്നത്. തടിയിൽ കൊത്തിയുണ്ടാക്കിയ ഓരോ രൂപങ്ങൾ ഇവർ സമർപ്പണത്തിനായി ആൽത്തറകൾക്ക് സമീപം സജ്ജീകരിച്ച് വയ്ക്കും. ക്ഷേത്രത്തിൽ നിന്ന് രസീത് വാങ്ങിയ ഭക്തർ ആവശ്യമുള്ള രൂപം വാങ്ങി ആൽത്തറ ചുറ്റി മുൻ വിളക്കിന് സമർപ്പിക്കുന്നതാണ് ചടങ്ങ്. വാതരോഗങ്ങൾ ഉൾപ്പടെ വിവിധ കാരണങ്ങളാൽ ശരീരത്തിലെ ഏത് അവയവമാണോ വേദനിക്കുന്നത് ആ അവയവം ഓച്ചിറയ്ക്ക് നേർച്ച പറയുന്ന ഓണാട്ടുകരയിലെ പതിനായിരങ്ങളുടെ ആശ്വാസ ഉപാധിയാണ് ഈ നേർച്ച സമർപ്പണം.