കൊല്ലം: തിങ്ങി ഞെരുങ്ങി വീടുകളുള്ള തട്ടാമല പറയത്തുമുക്കിന് സമീപം ഹെലികോപ്ടർ അസ്വാഭാവികമായി താഴ്ന്ന് പറന്നത് ഭീതി പരത്തി. റോട്ടർ ബ്ലേഡുകളിൽ നിന്ന് ശക്തമായ കാറ്റടിച്ച് പ്രദേശത്തെ മരങ്ങളുടെ ചില്ലകളും വാഴകളും ഒടിഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. സാധാരണ ഹെലികോപ്ടർ കടന്നുപോകുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ഉയർന്ന ശബ്ദം കേട്ട് ജനങ്ങൾ പുറത്തിറങ്ങി നോക്കിയപ്പോഴാണ് താഴ്ന്ന് പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി വട്ടമിടുന്നത് പോലെ ഒരു തവണ ചുറ്റിത്തിരിയുകയും ചെയ്തു. ഇതോടെ പ്രദേശവാസികൾ മൊബൈൽ ഫോണുകളിൽ ദൃശ്യം പകർത്തി നവമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനൊപ്പം നിരവധി കിംവദന്തികളും പ്രചരിച്ചതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കടൽമാർഗം തീവ്രവാദികൾ നുഴഞ്ഞുകയറുന്നത് തടയാൻ നാവികസേനയുടെയും കോസ്റ്റുഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ മോക് ഡ്രിൽ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ഹെലികോപ്ടർ താഴ്ന്നു പറന്നതെന്നും പ്രചരണമുണ്ടായിരുന്നു. എന്നാൽ കോപ്ടർ താഴ്ന്ന് പറന്ന ഭാഗത്തുള്ള ഒരു വീട്ടിൽ പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു. നേരത്തെയും ഈ ഭാഗത്ത് കോപ്ടർ താഴ്ന്ന് പറന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.