കൊല്ലം: വൃശ്ചികോത്സവം നടക്കുന്ന പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിനമായ ഇന്നലെ കേന്ദ്ര സഹമന്ത്രിയും സിനിമാ താരവുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും ദർശനം നടത്തി. ക്ഷേത്രം പ്രസിഡന്റ് അനിൽ ജോയ്, സെക്രട്ടറി പി.സജി, വൈസ് പ്രസിഡന്റ് എം.ജി.നടരാജൻ, ജോ. സെക്രട്ടറി എസ്.ദിദേശ്, ട്രഷറർ ആർ.സത്യനേശൻ, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സുരേഷ്‌ഗോപിയെയും ഭാര്യയെയും സ്വീകരിച്ചു. ആഗ്രഹസാഫല്യത്തിനായി ഇരുവരും ക്ഷേത്രത്തിലെ പ്രസിദ്ധമായ മണികെട്ട് നേർച്ച നടത്തിയ ശേഷമാണ് മടങ്ങിയത്.
മണികെട്ട് നേർച്ചയിലൂടെ ഭക്തിയോടെ പ്രാർത്ഥിച്ചാൽ എന്ത് ആഗ്രഹവും സാധിക്കുമെന്ന വിശ്വാസത്തിൽ പ്രശസ്തമായ ഈ ക്ഷേത്രത്തിൽ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഭക്തർ ഒഴുകിയെത്തുന്നത്. കായലിനും കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ കിണറുകളിൽ ഉപ്പ് രസമില്ലാത്ത ശുദ്ധജലം ലഭിക്കുന്നുവെന്നത് പ്രത്യേകതയാണ്. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം ഭജനമഠങ്ങളിലായി പതിനായിരത്തോളം ഭക്തരാണ് ഇവിടെ ഭജനം പാർക്കുന്നത്.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാർ പ്രത്യേകം കെ.എസ്.ആർ.ടി.സി ബസ് സർവീസുകളും ജങ്കാർ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ ക്യാമ്പുകളും വ്യാവസായിക മേളയും നടക്കുന്നുണ്ട്. വൃശ്ചികോത്സവത്തിലെ ഏഴാം ഉത്സവ ദിവസമായ ഇന്നലെ സ്വയംവര പാർവ്വതി ഹോമം, അന്നദാനം, ഓട്ടൻ തുള്ളൽ, തോറ്റംപാട്ട് (മാലവയ്പ്പ്), പൂമൂടൽ എന്നിവയും നടന്നു. കൂടാതെ കേരള പൊലീസിലെ ഡയറക്ടർ ജനറലായിരുന്ന ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണവും അമ്മ സ്‌കൂൾ ഒഫ് ഡാൻസ് അവതരിപ്പിച്ച നൃത്ത സന്ധ്യയും നടന്നു. എട്ടാം ഉത്സവ ദിനമായ ഇന്ന് യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസിന്റെ പ്രഭാഷണം, മാടനൂട്ട്, തോറ്റം പാട്ട്, എന്നിവ നടക്കും.