പടിഞ്ഞാറെ കല്ലട: പഞ്ചായത്തിലെ കല്ലടയാറിന്റെ തീരത്തെ ഏതാനും കടവുകളിൽ വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചിട്ടുള്ള ബോട്ടുജെട്ടികൾ സംരക്ഷിക്കണമെന്നും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യം. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ബോട്ടുജെട്ടികൾ പലതും ഇന്ന് തകർച്ചയുടെ വക്കിലാണ്. വർഷങ്ങൾക്കു മുമ്പ് കൊല്ലത്തു നിന്ന് കടപുഴ വരെയും പിന്നീട് മുതിരപ്പറമ്പ് വരെയും യാത്രാബോട്ട് സർവീസ് ഉണ്ടായിരുന്നു. പിൽക്കാലത്ത് യാത്രക്കാർ കുറഞ്ഞതിനാൽ സർവീസ് നിറുത്തലാക്കുകയാണുണ്ടായത്.

സഞ്ചാരികളെ വരവേൽക്കാം

ടൂറിസം വില്ലേജായ മൺട്രോത്തുരുത്തിലും പടിഞ്ഞാറെ കല്ലടയിലും നിരവധി വിനോദസഞ്ചാരികളാണ് ദിവസവും സ്വദേശത്ത് നിന്ന് വിദേശത്തുനിന്നും വന്നു പോകുന്നത് .ഇവിടെയെത്തുന്നവർ മിക്കവരും ഹൗസ് ബോട്ടുകളിലും ശിക്കാരി ബോട്ടുകളിലും ആൾക്കാർ തുഴയുന്ന വള്ളങ്ങളിലും സഞ്ചരിച്ചാണ് കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും നാടിന്റെയും പ്രകൃതി മനോഹരമായ കാഴ്ചകൾ കണ്ട് രുചികരമായ ഭക്ഷണവും കഴിച്ച് ദിവസങ്ങളോളം റിസോർട്ടുകളിലും ഹോംസ്റ്റേകളിലും താമസിച്ച് മടങ്ങുക. സഞ്ചാരികൾക്കായുള്ള ശിക്കാരി ബോട്ടുകളും ഹൗസ് ബോട്ടുകളും സുരക്ഷിതമായി അടുപ്പിക്കുവാൻ തക്ക വിധമുള്ള ബോട്ട് ജെട്ടികൾ അത്യാവശ്യമാണ്.വിനോദ സഞ്ചാരികൾ വരുന്നതോടെ നാട്ടിൽ തൊഴിൽ അവസരങ്ങളും വർദ്ധിക്കും.

പഞ്ചായത്തിലെ കടപുഴ മുതൽ കണ്ണൻകാട്ട് കടവ് വരെയുള്ള പഴയ ബോട്ട് ജെട്ടികൾ പുനർ നിർമ്മിക്കുവാൻവേണ്ട നടപടികൾ പഞ്ചായത്ത് തലത്തിൽ തീരുമാനമെടുക്കും. ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും മുൻ എം.പി സോമപ്രസാദിന്റെയും ഫണ്ടിൽ നിന്നായി 35 ലക്ഷം രൂപയുംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയും ജൈവവൈവിദ്ധ്യ ബോർഡിന്റെ 5 ലക്ഷം രൂപയും ഉൾപ്പെടുത്തി ശാസ്താംകോട്ട കായൽ തീരത്ത് പഞ്ചായത്ത് നടപ്പിലാക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയുടെ വികസനത്തിന്റെ ഭാഗമായി പഞ്ചായത്തിൽ എത്തുന്ന വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കുന്നതിന് ബോട്ട് ജെട്ടികൾ പുനർ നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്.

കെ സുധീർ

ഗ്രാമപഞ്ചായത്ത് അംഗം

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.

പടിഞ്ഞാറേ കല്ലടയിൽ എത്തുന്ന വിനോദസഞ്ചാരികളിലേറെയും യാത്രക്കായി തിരഞ്ഞെടുക്കുന്ന ബോട്ട് ജെട്ടികളിലൊന്നാണ് ഐത്തോട്ടുവതോപ്പിൽ കടവിന് സമീപത്തെ മട്ടലിൽ ബോട്ട് ജെട്ടി ഈ ബോട്ട് ജെട്ടിയിലേക്കുള്ള കോൺക്രീറ്റ് പാത നവീകരിക്കുവാൻ 10 ലക്ഷം രൂപ പ്രളയ ഫണ്ടിൽ നിന്ന് റവന്യൂ വകുപ്പ് അനുവദിച്ചിട്ടുണ്ട്. കൂടാതെ കാലപ്പഴക്കം ചെന്ന ഈ ബോട്ട് ജെട്ടിയുടെ പുനർനിർമ്മാണത്തിന് പഞ്ചായത്ത് തലത്തിൽ നടപടി എടുക്കാൻ ശ്രമിക്കും.

ജെ. അംബികകുമാരി

ഗ്രാമപഞ്ചായത്ത് അംഗം

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ