photo
f

കൊല്ലം: ഭർത്താവിന്റെ ഘാതകരെ തുറുങ്കിലടയ്ക്കും വരെ മുടികെട്ടില്ലെന്ന് ശപഥമെടുത്ത താരാവിജയനെ ആരും മറക്കാനിടയില്ല. മറവിരോഗത്തിലേക്ക് വീണെങ്കിലും മുടികെട്ടാ ശപഥം താര മറന്നില്ല. അത് കാത്തുസൂക്ഷിക്കാൻ മക്കൾ ഒപ്പമുണ്ട്. 43 വർഷം മുമ്പായിരുന്നു ശപഥം. മഹാഭാരതത്തിലെ ദ്രൗപതി ചെയ്തപോല ഒരു ശപഥമാണത്.

ഏരൂർ പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്നു ഭർത്താവ് എസ്.വിജയൻ. 1981 ജൂൺ 23ന് അദ്ദേഹത്തിന്റെ മൃതദേഹം ഏരൂർ പഞ്ചായത്ത് ഓഫീസിലെ കിണറ്റിൽ കണ്ടെത്തി. ഘാതകരുടെ അറസ്റ്റ് ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല, അഴിച്ചിട്ട മുടിയുമായി സെക്രട്ടേറിയറ്റിനു മുന്നിൽ മക്കളുമായി നിരാഹാരമിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. വർഷങ്ങൾ പിന്നിട്ടെന്ന സി.ബി.ഐ ഡയറക്ടറുടെ മറുപടിയിൽ അന്വേഷണം അനുവദിച്ചില്ല. ആശ്രിത നിയമത്തിനായി പോയപ്പോഴും മുടികെട്ടിയില്ല. എൽ.ഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച് സൂപ്രണ്ടായി വിരമിക്കുന്നതുവരെ വിവിധ പഞ്ചായത്തുകളിൽ ജോലി ചെയ്തതും മുടികെട്ടാതെ.നാലു വർഷം മുമ്പാണ് ഓർമ്മ നശിച്ച് തുടങ്ങിയത്. മക്കളായ നിഷ വിജയൻ, അഡ്വ.ഷമ്മി വിജയൻ, ഉഷ വിജയൻ, സുഷ വിജയൻ എന്നിവർ അമ്മയുടെ മരണം വരെ ശപഥം മുറിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. മൂത്തമകൾ നിഷ വിജയനൊപ്പം പുത്തൻകുളത്തെ വീടായ വിജയതാരയിലാണ് താമസം. 87 വയസായി.

സംശയത്തിനു പിന്നിൽ

വയറ്റിൽ വെള്ളമില്ല, മദ്യമില്ല, പക്ഷേ, മരണകാരണം അവ്യക്തമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. നെറ്റിയിൽ അടിയേറ്റപോലെ രക്തം കട്ടപിടിച്ചിരുന്നു.വീട്ടിലേക്ക് പോയിവരവ് പ്രയാസമായതിനാൽ പഞ്ചായത്ത് ഓഫീസിലായിരുന്നു താമസം. കാണാതായ വിവരം രണ്ടു ദിവസം കഴിഞ്ഞും ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഓഫീസിലെ ടോയ്‌ലെറ്റിൽ മനുഷ്യരക്തം കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് 48 മണിക്കൂറിലേറെ പഴക്കമുണ്ടായിരുന്നു. അധികം ആഴമില്ലാത്ത കിണറ്റിൽ നിന്ന് വെള്ളംകോരുന്ന ചായക്കടക്കാർ തലേന്ന് മൃതദേഹം കണ്ടിരുന്നില്ല!

 ശപഥത്തിനു പിന്നിൽ?

എസ്റ്റേറ്റ് ഉടമകൾ നിർമ്മിക്കുന്ന റോഡ് പഞ്ചായത്ത് ചെയ്തതായി വ്യാജരേഖയുണ്ടാക്കി കരാറുകാർക്ക് പണം നൽകിയിരുന്ന അഴിമതിക്ക് വിജയൻ തടയിട്ടു. ഇതിന്റെ പേരിൽ കരാറുകാരൻ മർദ്ദിക്കാൻ ശ്രമിച്ചു. ജില്ല പഞ്ചായത്ത് ഓഫീസർക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ട് കത്ത് നൽകിയശേഷം പഞ്ചായത്ത് ഓഫീസിലേക്ക് പോയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്. സ്ഥലംമാറ്റത്തിനുള്ള അപേക്ഷയിൽ അഴിമതി വിവരങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു, ദൂരൂഹതകൾ ശക്തമായിട്ടും അന്വേഷണം നടക്കാഞ്ഞതോടെയാണ് താരാ വിജയൻ മുടികെട്ടാശപഥമെടുത്തത്.

എതാനും വർഷം മുമ്പും കേസിന്റെ രേഖകൾ കോടതിയിൽ നിന്നെടുത്ത് പരിശോധിച്ചിരുന്നു. കൊലപാതകത്തിന്റെ നിരവധി സൂചനകൾ കേസ് ഡയറിലുണ്ട്.

അഡ്വ. ഷമ്മി വിജയൻ

(താരാ വിജയന്റെ മകൻ)