കൊല്ലം: സർക്കാർ സ്ഥാപനങ്ങളും പൊതുഇടങ്ങളും പൊതുഗതാഗത സംവിധാനവും ഭിന്നശേഷി സൗഹൃദമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉത്തരവിറങ്ങി വർഷങ്ങളായിട്ടും ജില്ലയിലെ സർക്കാർ ഓഫീസുകൾ പൂർണമായും ഭിന്നശേഷി സൗഹൃദമായിട്ടില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബാങ്കുകൾ, എ.ടി.എമ്മുകൾ, അക്ഷയ കേന്ദ്രങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിനിമ തീയേറ്ററുകൾ, പൊലീസ് സ്റ്റേഷൻ, ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന ഭിന്നശേഷിക്കാർ ദുരിതമനുഭവിക്കുകയാണ്. മിക്കയിടത്തും റാമ്പും ലിഫ്ടും മാത്രമാണുള്ളത്.
റാമ്പുകളുടെ നിർമ്മാണത്തിലും അപാകതയുണ്ടെന്നാണ് ആക്ഷേപം. ചിലയിടത്ത് റാമ്പുകൾക്ക് ചരിവ് കൂടുതലാണ്. ചിലയിടങ്ങളിൽ റാമ്പ് തുടങ്ങുന്നയിടത്ത് കട്ടിംഗുകളും മറ്രും ഉള്ളതിനാൽ സുഗമമായി ഉപയോഗിക്കാൻ കഴിയാറില്ല. കൊല്ലം കളക്ടറേറ്രിൽ പോലും ആവശ്യത്തിന് സൗകര്യം ഇല്ലെന്നാണ് പരാതി. ബസുകളിൽ ഭിന്നശേഷിക്കാർക്ക് സീറ്ര് സംവരണമുണ്ടെങ്കിലും വീൽചെയർ കയറ്റാനുള്ള റാമ്പോ ബദൽ സംവിധാനങ്ങളോ ഇല്ല. വീടിന് പുറത്തിറങ്ങിയാൽ പരസഹായം തന്നെ ആശ്രയം.
സ്കോളർഷിപ്പുകൾ വൈകുന്നു
ഒന്നാംക്ലാസ് മുതൽ പ്രൊഫഷണൽ പി.ജി കോഴ്സുകൾ വരെ പഠിക്കുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം കൂടി വകയിരുത്തി നൽകുന്ന സ്കോളർഷിപ്പ് ഇതുവരെയും ലഭിച്ചിട്ടില്ല. വർഷത്തിൽ 6500 മുതൽ 28500 രൂപ വരെയാണ് ലഭിക്കുന്നത്. പഞ്ചായത്തുകൾ, നഗരസഭകൾ മുഖേനയാണ് തുക നൽകുന്നത്. എന്നാൽ വർഷങ്ങളായി കൃത്യസമയത്ത് കിട്ടുന്നില്ലെന്ന് മാത്രമല്ല, തുക പൂർണമായും നൽകുന്നില്ലെന്നാണ് ആക്ഷേപം.
യാത്രകൾ വെല്ലുവിളി
പൊതുവിടങ്ങൾ ഭിന്നശേഷി സൗഹൃദമല്ല
ആരോഗ്യ സുരക്ഷയ്ക്കും ചികിത്സയ്ക്കും പ്രത്യേക പാക്കേജ് രൂപീകരിക്കുക
നിലവിൽ ലഭിക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക
സ്പെഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഴുവൻ തെറാപ്പികളും ഉറപ്പുവരുത്തുക
പുനരാധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക
തൊഴിൽ സംവരണം നടപ്പാക്കുക
ഭിന്നശേഷി അവകാശനിയമം വന്നത്- 2016ൽ
ജില്ലയിലെ മുഴുവൻ സർക്കാർ -സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലും റാമ്പ്, ലിഫ്ട്, ഇരിപ്പിടം, ടോയ്‌ലെറ്റ്, ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം.
പ്രതാപൻ വാളത്തുംഗൽ
ജില്ലാ സെക്രട്ടറി, ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ
ഭിന്നശേഷി കുട്ടികളുടെ സ്കോളർഷിപ്പുകൾ ഉടൻ ലഭ്യമാക്കുക. 18 വയസ് കഴിഞ്ഞാൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ലീഗൽ ഗാർഡിയൻഷിപ്പ് ഹാജരാക്കണമെന്ന ബാങ്കുകളുടെ നിലപാട് തിരുത്തണം.
എസ്. ജുബൈദത്ത് ബീവി, ജില്ലാ കോർഡിനേറ്റർ,
സേവ് ദ ഫാമിലി