കൊല്ലം: ജില്ലയിൽ വർഷങ്ങൾക്ക് മുമ്പേ പുലർച്ചെയുണ്ടായ രണ്ട് അപകട മരണങ്ങളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കരവാളൂർ തൊളിക്കോട് ലില്ലി നിവാസിൽ മാത്യു (58), തഴവ വടക്കുംമുറിമേക്ക് കല്ലേലിൽ വീട്ടിൽ വാമദേവൻ പിള്ള (67) എന്നിവരുടെ മരണങ്ങളിലാണ് അന്വേഷണം.

2022 ഏപ്രിൽ 9ന് പുലർച്ചെ 5.30 ഓടെ പ്രഭാതസവാരിക്കിടെ പുനലൂർ തൊളിക്കോട് പവർഹൗസ് ജംഗ്ഷന് സമീപത്ത് വച്ച് മാത്യുവിനെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചിട്ട ശേഷം നിറുത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാത്യു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിത്സയിലിരിക്കെ 2022 ഏപ്രിൽ 14ന് മരിച്ചു. അപകടത്തിന്റെ നിരീക്ഷണ കാമറ ദൃശ്യങ്ങളുണ്ടെങ്കിലും കാറിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല.

കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ വച്ച് 2017 ഒക്ടോബർ 24 പുലർച്ചെ 5.45നുണ്ടായ അപകടത്തിലാണ് വാമദേവൻപിള്ള മരിച്ചത്. വീടുകളിൽ പാചകവാതക സിലിണ്ടർ എത്തിക്കുന്ന ജോലിയായിരുന്നു. സമീപത്തെ വീട്ടിൽ നിന്ന് ഒഴി‌ഞ്ഞ സിലിണ്ടറുമായി സൈക്കിളിൽ വരുകയായിരുന്നു വാമദേവൻപിള്ള. ഇതിനിടെ ഒരു ബൈക്കിൽ തട്ടിയ കാർ വാമദേവൻപിള്ളയെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോയി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാമദേവൻപിള്ള 2017 നവംബർ 7ന് മരിച്ചു. വാമദേവൻപിള്ളയുടെ കുടുംബത്തിന് കാര്യമായ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല.

ക്രൈം ബ്രാഞ്ച് എസ്.പി സുരേഷ് കുമാറിന്റെ മേൽനോട്ടത്തിൽ കൊല്ലം യൂണിറ്റ് ഡിവെ.എസ്.പി ജി.ജോൺസണാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്. രണ്ട് സംഭവങ്ങളിലെയും വാഹനത്തെക്കുറിച്ചോ ഓടിച്ചവരെക്കുറിച്ചോ വിവരങ്ങൾ അറിയുന്നവർ 9497996950 (എസ്.പി), 9497990194 (ഡിവൈ,എസ്.പി) എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.