x-p

തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അന്നദാനം സ്വീകരിക്കാൻ ആയിരങ്ങൾ എത്തിത്തുടങ്ങി. ക്ഷേത്ര പടനിലത്ത് അന്തിയുറങ്ങിയിരുന്ന അഗതികൾക്കായി പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച ചടങ്ങാണ് നിത്യാന്നദാനം. അതാത് കരകളിലെ ഭക്തജനങ്ങളിൽ നിന്ന് പിടിയരി നേർച്ചയായി സ്വീകരിച്ച് തുടങ്ങിയ ഓച്ചിറയിലെ അന്നദാനത്തിന് വൃശ്ചികോത്സവമാകുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് എത്തുന്നത്. നിരാലംബർ, അഗതികൾ, അംഗവൈകല്യം ബാധിച്ചവർ, നിത്യരോഗികൾ എന്നിവരുടെ ആശ്രയ കേന്ദ്രമായ പരബ്രഹ്മ ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുക്കുന്നത് പുണ്യമായാണ് നാനാജാതി മതസ്ഥർ കരുതുന്നത്.

കുരുമുളക്, ഗ്രാമ്പു ഉൾപ്പടെ ചേർത്തുണ്ടാക്കുന്ന ഔഷധ ഗുണമുള്ള മുതിരക്കറിയും കഞ്ഞിയുമാണ് അന്നദാനത്തിന് വിതരണം ചെയ്യുന്നത്. ഒരേ സമയം ആയിരം പേർക്ക് ഇരിക്കാവുന്ന ആധുനിക സൗകര്യത്തോട് കൂടിയ അന്നദാന മന്ദിരമാണ് സജ്ജീകരിച്ചിരിക്കുന്നത്. ധാന്യങ്ങൾ പാകപ്പെടുത്തുന്നത് മുതൽ വിളമ്പുന്നത് വരെയുള്ള ഘട്ടങ്ങൾ നൂറ് ശതമാനവും അണുവിമുക്തമാണെന്ന് ഉറപ്പ് വരുത്തിയിട്ടുമുണ്ട്. രാവിലെ 9ന് ആരംഭിക്കുന്ന അന്നദാനം തിരക്ക് പരിഗണിച്ച് ഇപ്പോൾ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ നീണ്ടുപോകുന്നുണ്ട്.