
കൊല്ലം: പെരിനാട് ഇടവട്ടം വെട്ടിലിൽ തലക്കുളത്തിന്റെ പുനർനിർമ്മാണം ആരംഭിച്ചു. കഴിഞ്ഞ ഒന്നിനാണ് നിർമ്മാണം തുടങ്ങിയത്. കുളം കുഴിക്കുന്ന പ്രവർത്തനമാണ് നിലവിൽ നടക്കുന്നത്. മഴയെ തുടർന്ന് താത്കാലികമായി നിറുത്തിവച്ച ജോലികൾ അടുത്തദിവസം പുനരാരംഭിക്കുമെന്ന് പെരിനാട് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
കുളം വെട്ടിയശേഷം നാലു വശവും സംരക്ഷണ ഭിത്തികെട്ടിയും നെറ്റിട്ടും സുരക്ഷ ഉറപ്പാക്കും. പെരിനാട് ഗ്രാമപഞ്ചായത്തിൽ ചിറക്കോണം ഏഴാം വാർഡിലാണ് കുളം സ്ഥിതി ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 33 ലക്ഷം രൂപ വിനിയോഗിച്ച് ജില്ലാ പഞ്ചായത്തും സോയിൽ കൺസർവേഷനും ചേർന്ന് പത്ത് സെന്റിലായി അഞ്ച് മീറ്റർ ആഴത്തിലാണ് കുളം പുനർനിർമ്മിക്കുക. കാലാവസ്ഥ അനുകൂലമാണെങ്കിൽ രണ്ടുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഒരു കാലത്ത് പ്രദേശത്തെ നീരുറവയായിരുന്ന തലക്കുളത്തിന് 150 വർഷത്തെ പഴക്കമുണ്ട്. വർഷങ്ങളായി ആരും ശ്രദ്ധിക്കാതിരുന്നതിനാൽ മണ്ണും ചെളിയും നിറഞ്ഞ് ആഴം കുറഞ്ഞിരുന്നു. ചുറ്റും പാഴ്ച്ചെടികളും പടർപ്പും നിറഞ്ഞ് കുളം നശിക്കുകയായിരുന്നു. ഇതിനാണിപ്പോൾ പരിഹാരമായിരിക്കുന്നത്.
ജലക്ഷാമത്തിന് പരിഹാരം
കുളം നിർമ്മാണം പൂർത്തിയാകുന്നതോടെ പെരിനാട് വെട്ടിലിൽ ഭാഗത്ത് വേനൽക്കാലത്തെ രൂക്ഷമായ ജലക്ഷാമത്തിനും മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്നതിനും പരിഹാരമാകും. കുണ്ടറ, മുക്കട, ഇളമ്പള്ളൂർ, നാന്തിരിക്കൽ, ചിറയിൽ, ഏഴാംകുറ്റി പ്രദേശത്തെ മഴവെള്ളം ഒഴുകിയെത്തുന്നത് ഇവിടെ സംഭരിക്കും. മിച്ചം വരുന്ന വെള്ളം ചിറക്കോണം ഏലാത്തോട് വഴി കണ്ടച്ചിറ ചീപ്പിലേക്കും അവിടെ നിന്ന് കായലിലേക്കും ഒഴുക്കിവിടും. സംഭരണി എന്ന നിലയിൽ നിർമ്മിക്കുന്ന തലക്കുളം പിന്നീട് ശുദ്ധീകരിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന തരത്തിലേക്ക് മാറ്റും.
പ്രതികൂല കാലവസ്ഥയെ തുടർന്ന് നിറുത്തിവച്ച നിർമ്മാണ ജോലികൾ അടുത്ത ദിവസം മുതൽ ആരംഭിക്കും. രണ്ടുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
ജാഫി മജീദ്, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ,
പെരിനാട് ഗ്രാമപഞ്ചായത്ത്