k

കൊട്ടാരക്കര: കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്താനും 'വർക്ക് നിയർ ഹോം' പദ്ധതിയിലൂടെ കഴിയുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വർക്ക് നിയർ ഹോം പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ സംസ്ഥാനതല നിർമ്മാണോദ്ഘാടനം കൊട്ടാരക്കര ബി.എസ്.എൻ.എൽ കെട്ടിടത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഐ.ടി മേഖലയിലെ സ്റ്റാർട്ടപ്പുകൾ അടക്കമുള്ള സംരംഭങ്ങൾക്കും വിദൂരമായി ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിന് വർക്ക് സ്‌പേസ് ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യം. കോ-വർക്കിംഗ് സംസ്‌കാരം വളർത്താനും സഹായിക്കും. നിലവിൽ 220 പേർക്ക് ജോലി ചെയ്യാനുള്ള വർക്ക് സ്റ്റേഷനാണ് സ്ഥാപിക്കുക. ഇതിനകം കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി കോളേജിൽ ആർ ആൻഡ് ഡി കേന്ദ്രം ആരംഭിച്ചു. 50000 സ്‌ക്വയർ ഫീറ്റുള്ള ഐ.ടി പാർക്കിനുള്ള അനുവാദമായി. ഒരു വർഷത്തിൽ 500 പേർക്കും 5 വർഷത്തിൽ ചുരുങ്ങിയത് 5000 പേർക്ക് ജോലി ചെയ്യാവുന്ന കേന്ദ്രമായി കൊട്ടാരക്കര മാറും. രാമനാട്ടുകരയിലും കളമശേരിയിലും ഈ പദ്ധതി ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനായി. 'വർക്ക് നിയർ ഹോം' വെബ്‌സൈറ്റ് പ്രകാശനം ജില്ലാ കളക്ടർ എൻ.ദേവിദാസ് നിർവഹിച്ചു.