കൊല്ലം: പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് പാറക്കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചും കൈപിടിച്ച് തിരിച്ച് കൈക്കുഴയ്ക്ക് പരുക്കേൽപ്പിച്ചും ഡ്യൂട്ടിക്ക് തടസമുണ്ടാക്കിയെന്ന് ആരോപിച്ച് കുണ്ടറ പൊലീസ് ചാർജ് ചെയ്‌ത കേസിലെ പ്രതിയെ വെറുതെ വിട്ടു. കുണ്ടറ, പേരയത്ത് അനൂപ് സദനത്തിൽ അനൂപിനെയാണ് (32) കൊല്ലം അസി. സെഷൻസ് ജഡ്ജ് അരുൺ കുരുവിള വെറുതെ വിട്ടത്.
പ്രതികളെ അന്വേഷിച്ച് ചെന്നതിലുള്ള വിരോധത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടി നോക്കിവന്ന ഷാജഹാൻ, സുജിത്ത് ലാൽ എന്നീ പോലീസുകാരെ 2013 ജൂൺ 28ന് വൈകിട്ട് 5.30ന് കുണ്ടറ മുളവന കരിക്കുഴി ജംഗ്ഷനിൽ വച്ച് ആക്രമിച്ചെന്നായിരുന്നു കുറ്റപത്രം. കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ പി.എ.പ്രിജി, എസ്.സുനിമോൾ, സിനു.എസ്.മുരളി, ടോമിൻ.കെ.വർഗീസ്, എസ്.അക്ഷര എന്നിവർ ഹാജരായി.