കരുനാഗപ്പള്ളി: ആർ.ശങ്കറിന് ശേഷം എസ്.എൻ.ഡി.പി യോഗത്തിന് കൃത്യമായ ദിശാബോധവും ശക്തമായ നേതൃത്വവും നൽകുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ ഓച്ചിറ ശ്രീനാരായണ മഠത്തിൽ ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ സംഘത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തിയതിലൂടെ വനിതകളെ ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ പ്രചാരകരായി മാറ്റാനും ജനറൽ സെക്രട്ടറിയുടെ നേതൃപാടവത്തിന് കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വനിതാ സംഘം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് അംബികാദേവി അദ്ധ്യക്ഷയായി. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, യൂണിയൻ സെക്രട്ടറി എ.സോമരാജൻ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യൂണിയൻ കൗൺസിലർ കെ.ബി.ശ്രീകുമാർ, കോ-ഓർഡിനേറ്റർമാരായ പ്രേമചന്ദ്രൻ കാഞ്ഞിരക്കാട്ടിൽ, വയനകം ശശിധരൻ, ശാഖായോഗം ഭാരവാഹികളായ രാജേഷ് മേമന, സദാശിവൻ, സജി, രാജേഷ് വലിയകുളങ്ങര, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി മധുകുമാരി സ്വാഗതവും വൈസ് പ്രസിഡന്റ് സ്മിത നന്ദിയും പറഞ്ഞു.