കൊല്ലം: സംസ്ഥാന ഭരണത്തിനെതിരായുള്ള ജനവികാരത്തിന്റെ പ്രതിഫലനമാണ് കേരളത്തിൽ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഭരണവിരുദ്ധ വികാരം ഇല്ലെന്ന സി.പി.എമ്മിന്റെ വാദം പരിഹാസ്യമാണ്. ചേലക്കര മണ്ഡലത്തിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കിട്ടിയ വോട്ടുകളിൽ 17000 ഓളം വോട്ടുകളാണ് ഇപ്രാവശ്യം നഷ്ടമായത്. എന്നാൽ യു.ഡി.എഫിന് 8611 വോട്ടുകൾ അധികമായി ലഭിച്ചു.
ചേലക്കരയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് ശതമാനത്തിൽ ഗണ്യമായ വർദ്ധനയുമുണ്ടായി. പോളിംഗ് ശതമാനം കുറഞ്ഞിട്ടും വോട്ട് എണ്ണത്തിലും ഭൂരിപക്ഷത്തിലും വമ്പിച്ച വർദ്ധനയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫിനുണ്ടായത്. ആറുമാസം മുമ്പ് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ എൽ.ഡി.എഫിന് ലഭിച്ച 80000 ഓളം വോട്ടുകൾ ഇപ്രാവശ്യം കുറഞ്ഞു. പാലക്കാട് നിയോജക മണ്ഡലത്തിൽ ചരിത്രപരമായ വോട്ടും ഭൂരിപക്ഷവും നേടിയാണ് യു.ഡി.എഫ് വിജയിച്ചത്. 2026ൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം നൽകുന്നതാണ് മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെയും ജനവിധിയെന്ന് എം.പി പറഞ്ഞു.