കൊല്ലം: കൊല്ലം ബീച്ചിൽ ലൈഫ് ഗാർഡുമാരെ മർദ്ദിച്ചതായി പരാതി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ലൈഫ് ഗാർഡുമാരായ സതീഷ്, സുരേഷ് ബാബു എന്നിവരെയാണ് ഒരുകൂട്ടം യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. ബീച്ചിന്റെ വടക്ക് തിരയിൽപ്പെട്ട അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൈയേറ്റത്തിലേക്ക് നയിച്ചത്. സംഭവം നടന്നതിന് സമീപത്ത് ചീട്ടുകളിച്ചുകൊണ്ടിരുന്ന യുവാക്കൾ 'ബീച്ചിന്റെ പരിധിയിൽ വരാത്ത ഭാഗത്ത് അപകടം നടന്നാൽ ലൈഫ്ഗാർഡുമാർ രക്ഷകരാകണ്ടെന്ന്' പറഞ്ഞാണ് തർക്കം തുടങ്ങിയത്. പ്രകോപനം ഇല്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് മർദ്ദനത്തിനിരയായവർ പറയുന്നത്. ഉന്തിലും തള്ളിലും ലൈഫ്ഗാർഡുമാരുടെ യൂണിഫോം കീറി. പൊലീസിനെ വിവരം അറിയിച്ചിട്ടും അനുകൂല നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം.