കൊല്ലം: അഭിഭാഷകനെ മർദ്ദിച്ച സംഭവത്തിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫയൽ ചെയ്ത കേസിൽ എസ്.ഐയായ അലോഷ്യസ് അലക്സാണ്ടറുടെ വസ്തുവകകൾ ജപ്തി ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീൽ തള്ളി.
ജസ്റ്റിസ് ജി.ഗിരീഷിന്റേതാണ് ഉത്തരവ്.
2022 സെപ്തംബർ 5ന് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ വച്ച് സി.ഐയായിരുന്ന ജി.ഗോപകുമാർ, എസ്.ഐ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, പ്രമോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പനമ്പിൽ എസ്.ജയകുമാറിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചത്. കരുനാഗപ്പള്ളി സബ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ എസ്.ഐ അലോഷ്യസ് അലക്സാണ്ടറുടെ വസ്തുവകകൾ ജപ്തി ചെയ്തിരുന്നു. ഇത് റദ്ദ് ചെയ്ത് കിട്ടാൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത അപ്പീലാണ് തള്ളിയത്. അഡ്വ. ടി.ആർ.രാജൻ ഹാജരായി.