
കൊല്ലം: പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന്റെ പത്താം ദിവസമായ നാളെ രാവിലെ 9.10ന് ദശാക്ഷരിഹോമം നടക്കും. പഠിക്കുന്ന കുട്ടികൾക്ക് ബുദ്ധിശക്തി വർദ്ധിക്കുന്നതിനും പഠനകാര്യങ്ങളിൽ മികവ് പുലർത്തുന്നതിനും സരസ്വതീദേവിയുടെ അനുഗ്രഹത്തിനും പൂജിച്ചു നൽകുന്ന സാരസ്വതഘൃതം (നെയ്യ്) സേവിക്കുന്നത് ഏറ്റവും ഉത്തമമാണ്. ദശാക്ഷരിഹോമം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ദേവസ്വം ഓഫീസിൽ നിന്ന് മുൻകൂട്ടി പണമടച്ച് രസീത് വാങ്ങണമെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് അനിൽ ജോയ്, സെക്രട്ടറി പി.സജി, വൈസ് പ്രസിഡന്റ് എം.ജി.നടരാജൻ, ജോ. സെക്രട്ടറി എസ്.ദിനേശ്, ട്രഷറർ ആർ.സത്യനേശൻ എന്നിവർ അറിയിച്ചു. കൂടാതെ തിങ്കളാഴ്ച രാവിലെ ഗണപതിഹോമം, പന്തീരടിപൂജ, ശ്രീഭൂതബലി, ഭാഗവതപരായണം, കലശാഭിഷേകം, ഉച്ചയ്ക്ക് നൃത്തനൃത്യങ്ങൾ, വൈകിട്ട് തോറ്റംപാട്ട്, ദീപാരാധന, സോപാനസംഗീതം, രാത്രിയിൽ നൃത്തനിത്യങ്ങൾ എന്നിവയും ഉണ്ടാകും. വൃശ്ചികോത്സവത്തിന്റെ ഒൻപതാം ദിവസമായ ഇന്ന് പതിവ് പൂജകൾക്ക് പുറമേ സർപ്പബലി, നൂറുംപാലും, അഷ്ടനാഗപൂജ എന്നിവയും, രാജൻ മലനട അവതരിപ്പിക്കുന്ന പ്രഭാഷണവും തുടർന്ന് ' അലോഷി പാടുന്നു ' എന്ന സംഗീതപരിപാടിയും നടക്കും.