കൊല്ലം: സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് കാരണം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കാർഡിയോളജി, ന്യൂറോ, നെഫ്രോളജി വിഭാഗങ്ങളിൽ ചികിത്സയ്ക്കായി രോഗികൾക്ക് കാത്തിരിക്കേണ്ടി വരുന്നത് ആഴ്ചകൾ. മെഡിക്കൽ കോളേജായിട്ടും സുപ്രധാന ചികിത്സാ വിഭാഗങ്ങളുടെ തസ്തിക ഇതുവരെ സൃഷ്ടിച്ചിട്ടില്ല.

കാർഡിയോളജി വിഭാഗത്തിൽ ഒരു പ്രൊഫസറും ഒരു അസോസിയേറ്റ് പ്രൊഫസറും ഒരു സീനിയർ റെസിഡന്റും മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ പ്രൊഫസറുടെയും അസോസിയേറ്റ് പ്രൊഫസറുടെയും നേതൃത്വത്തിൽ ആഴ്ചയിൽ ഓരോ ദിവസം മാത്രമാണ് ഒ.പിയുള്ളത്. ബാക്കി ദിവസങ്ങളിൽ ഒ.പി നടത്താനാകാത്ത വിധം ആൻജിയോഗ്രാമിന്റെയും ആൻജിയോ പ്ലാസ്റ്റിയുടെയും തിരക്കാണ്. ഒ.പിയുള്ള രണ്ട് ദിവസങ്ങളിലും മൂന്നൂറോളം രോഗികളാണ് എത്തുന്നത്. കൂടുതൽ പേരെത്തുന്ന നെഫ്രോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാരേയുള്ളു. അതുകൊണ്ട് തന്നെ ആഴ്ചയിൽ രണ്ട് ദിവസമേ നെഫ്രോളജി ഒ.പിയുള്ളു. ഓരോ ദിവസവും 50 പേർക്കേ ഒ.പി ടിക്കറ്റ് നൽകുള്ളു. ന്യൂറോ വിഭാഗത്തിൽ ആകെ ഒരു ഡോക്ടർ മാത്രം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ഒ.പി.

പ്രതീക്ഷ പി.ജി സീറ്റിൽ

 പി.ജി സീറ്റുകൾക്കുള്ള ഇൻസ്പെക്ഷൻ ഉടൻ

 9 സ്പെഷ്യാലിറ്റികളായി 35 എം.ഡി, എം.എസ് സീറ്റുകൾക്ക് സാദ്ധ്യത
 നാഷണൽ മെഡിക്കൽ കമ്മിഷന്റെ പരിശോധന ഉടൻ
 അടുത്ത ഡിസംബർ, നവംബർ മാസങ്ങളിൽ പ്രവേശനം നടന്നേക്കും
 ഓരോ പി.ജി കോഴ്സിനും സീനിയർ റെസിഡന്റുമാരെക്കൂടി അനുവദിച്ചേക്കും
 സീനിയർ റെസിഡന്റുമാർ വന്നാൽ സ്പെഷ്യലിസ്റ്റുകളുടെ ക്ഷാമം കുറയും
 രോഗികളെ റഫർ ചെയ്യുന്നത് ഒരുപരിധി വരെ കുറയ്ക്കാം

മേയിൽ സി.സി.യു

മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ കെട്ടിട നിർമ്മാണം അന്തിമഘട്ടത്തിലെത്തി. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ മേയ് 26ന് നിർമ്മാണം പൂർത്തിയാക്കാൻ ധാരണയായി. ഉപകരണങ്ങൾക്ക് ഓർഡർ നൽകി. സ്പെഷ്യലിസ്റ്റുകളുടെ അടക്കം തസ്തിക സൃഷ്ടിച്ചാലെ കേന്ദ്രം പ്രവർത്തിപ്പിക്കാൻ കഴിയൂ. 23.75 കോടി ചെലവിൽ മൂന്ന് നില കെട്ടിടത്തിന്റെ നിർമ്മാണമാണ് നടക്കുന്നത്.

പി.ജി കോഴ്സുകൾ ആരംഭിക്കുന്നതോടെ കൂടുതൽ സ്പെഷ്യലിസ്റ്റുകളെത്തി രോഗികളെ റഫർ ചെയ്യുന്നത് ഒരുപരിധി വരെ കുറയ്ക്കാമെന്നാണ് പ്രതീക്ഷ.

മെഡിക്കൽ കോളേജ് അധികൃതർ