കൊല്ലം: ഓലയിൽ കടവ് വരെയുള്ള ലിങ്ക് റോഡ് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന് മുൻപ് തുറക്കുന്നതി​നെപ്പറ്റി​ ആലോചിക്കുന്നുണ്ടെന്ന് മേയർ പ്രസന്ന ഏണസ്റ്റ് കൗൺസിൽ യോഗത്തിൽ പറഞ്ഞു.

തീരദേശ മേഖലകളിലും മാർക്കറ്റുകളിലും ഫോർമലിൻ ചേർത്ത മത്സ്യം വിൽക്കുന്നത് വ്യാപകമായതി​നാൽ മത്സ്യ വിപണന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി നടപടി എടുക്കും.ശക്തികുളങ്ങര മുതൽ മേവറം വരെയുള്ള മാർക്കറ്റുകൾ ആരോഗ്യ വിഭാഗം പരിശോധി​ച്ച് 28നകം റിപ്പോർട്ട് നൽകണമെന്ന് മേയർ നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതിയിലൂടെ വൃക്കരോഗികൾക്ക് ജില്ലാ ആശുപത്രിയിൽ നൽകുന്ന സൗജന്യ ഡയാലിസിസ് കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് നിഷേധിക്കുന്നതായി കൗൺസിലിൽ വിമർശനം ഉയർന്നു.

'ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ഉത്പന്നം' പദ്ധതിയിൽ കശുഅണ്ടി കൂടി ഉൾപ്പെടുത്തണമെന്ന് കൗൺസിലർ ടി.ജി.ഗിരീഷ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു എന്നിവർ ആവശ്യപ്പെട്ടു. പണമടയ്ക്കാത്ത പരസ്യ ബോർഡുകളും അനധികൃത പരസ്യ ബോർഡുകളും എടുത്തുമാറ്റണമെന്ന് കൗൺസിലർ ഹണി ബഞ്ചമിൻ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നത് നിറുത്തി​ വച്ചിരിക്കുന്നത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് കൗൺസിലർ എ.നൗഷാദ് ആവശ്യപ്പെട്ടു. ജില്ലാ ആശുപ്രതിയിൽ പോസ്റ്റ്മോർട്ടം സൗകര്യം ഉറപ്പാകും വരെ പൊലീസ് സർജന്മാരെ പാരിപ്പള്ളി മെഡി. ആശുപത്രി​, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിയോഗിക്കുന്ന കാര്യം ഡി.എം.ഒയുമായി ചർച്ച ചെയ്യുമെന്ന് മേയർ ഉറപ്പുനൽകി. സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ഗീതാകുമാരി, യു. പവിത്ര, എസ്. ജയൻ, എ.കെ. സവാദ്, സജീവ് സോമൻ, കൗൺസിലർമാരായ ദീപു ഗംഗാധരൻ, ജി. ഉദയകുമാർ, കുരുവിള ജോസഫ്, എൻ. ടോമി, എം.എച്ച്. നിസാമുദ്ദീൻ, എ. നൗഷാദ് എന്നിവർ സംസാരിച്ചു.