കൊല്ലം: കലാകൗമാരം മാറ്റുരയ്ക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവം 26 മുതൽ 30വരെ കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് പ്രധാനവേദി. ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തൃക്കണ്ണമംഗൽ എസ്.കെ.വി.എച്ച്.എസ്.എസ്, തൃക്കണ്ണമംഗൽ കാർമ്മൽ സ്കൂൾ, തൃക്കണ്ണമംഗൽ ജി.എൽ.പി സ്കൂൾ, ടൗൺ യു.പി സ്കൂൾ, എൽ.എം.എസ്.എൽ.പി സ്കൂൾ, മാർത്തോമ ഗേൾസ് എച്ച്.എസ്, എം.ടി എൽ.പി സ്കൂൾ, സെന്റ് ഗ്രിഗോറിയോസ് എച്ച്.എസ്.എസ്, കിഴക്കേക്കര സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി സജ്ജമാക്കുന്ന പതിന്നാല് വേദികളിലാണ് മത്സരങ്ങൾ. സൗപർണിക ഓഡിറ്റോറിയത്തിലാണ് ഭക്ഷണപ്പുര ക്രമീകരിച്ചിട്ടുള്ളത്. വേഷമിട്ട മത്സരാർത്ഥികൾക്ക് അതാത് വേദികളിൽ ഭക്ഷണം നൽകാനും ക്രമീകരണമുണ്ടാകും. യു.പി വിഭാഗത്തിൽ 38 ഇനങ്ങളും ഗോത്രവർഗ കലകൾ ഉൾപ്പടെ ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 104 ഇനങ്ങളുമാണ് നടത്തുന്നത്. സംസ്കൃതോത്സവത്തിന് യു.പി വിഭാഗത്തിൽ 13 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിന് 19 ഇനങ്ങളും അറബിക് കലോത്സവത്തിന് യു.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിനും 19 ഇനങ്ങൾ വീതവും മത്സരങ്ങളുണ്ടാകും. പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി പതിനായിരം കൗമാര പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
26ന് കൊടിയേറ്റം, ഉദ്ഘാടനം 27ന്
26ന് രാവിലെ 8.30ന് കലാമേളയ്ക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ പതാക ഉയർത്തും. തുടർന്ന് രചനാ മത്സരങ്ങളും ബാൻഡ് മേളവും. 27ന് രാവിലെ 9.30ന് വേദികളിൽ മത്സരങ്ങൾ തുടങ്ങും. വൈകിട്ട് 3.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. 30ന് വൈകിട്ട് 5ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ സമ്മാനദാനം നടത്തും.
വേദികൾ -14
പുതിയ ഇനങ്ങൾ - 10 (ഗോത്ര വർഗ കലകൾ ഉൾപ്പടെ)
കൗമാര പ്രതിഭകൾ-10000
ഒരുക്കങ്ങൾ പൂർത്തീകരണത്തിലേക്ക്
ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രധാനവേദിയുടെ സജ്ജീകരണങ്ങൾ ഏറെക്കുറെ പൂർത്തിയായി. പത്രസമ്മേളനത്തിൽ നഗരസഭ ചെയർമാൻ എസ്.ആർ.രമേശ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ.ലാൽ, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ കെ.സുധ, ടി.ആർ.മഹേഷ്, ബിനു പട്ടേരി, ജേക്കബ് ജോൺ, ജോൺ.പി.കരിക്കം, ആർ.പ്രദീപ് എന്നിവർ പങ്കെടുത്തു.